Tuesday, 30 August 2016

കേരളത്തിലെ പ്രാചീന വിശ്വാസങ്ങൾ


കേരളം പരശുരാമൻ മഴു എറിഞ്ഞു സൃഷ്ടിച്ചു എന്ന് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അത് ബ്രാഹ്മണർ കേരളത്തെ തങ്ങൾക്ക് ദാനമായി പരശുരാമൻ തന്നതാണ് എന്ന് വരുത്തി തീർക്കുന്നതിനും ബ്രഹ്മണ്യ ആധിപത്യത്തെ മറ്റു ജന വിഭാഗങ്ങൾ പൂർണമായും അംഗീകരിക്കുന്നതിനും ഉണ്ടാക്കിയ ഒരു കഥ മാത്രമാണ്. ഇന്ന് കാണുന്ന കേരളത്തിന്റെ പലഭാഗങ്ങളും കടലിറങ്ങി കരയായതാണ് എന്ന വസ്തുതയും ഇതിനു ശക്തി പകർന്നു.ചേര രാജാവ് ആയിരുന്ന കടൽ പിറകോട്ട് ഓട്ടിയ ചേരൻ എന്നറിയപ്പെടുന്ന ചേരൻ ചെങ്കുട്ടവന്റെ കഥയിൽ നിന്നു വന്നതാണ് ഈ കടലിനെ കര ആക്കി മാറ്റിയ ചരിത്രം. ആ കാലത്ത് കടൽ പിന്നോട്ട് ഇറങ്ങി ഉണ്ടായ ഭാഗം ആണു ഇപ്പോഴത്തെ കുട്ടനാട്.  ചരിത്ര പരമായി ഈ പരശുരാമന്റെ കഥക്ക് യാതൊരു അടിസ്ഥാനവും ഇല്ല, പരശു രാമനും മുൻപ്‌ ഇവിടെ കേരളവും ഉണ്ട് അതിനു  മഹത്തായ ഒരു ചരിത്രവും. കുടിയേറി വന്ന ചരിത്രം ഇല്ലാത്ത ബ്രാഹ്മണർ അവർക്കായി എഴുതിയ ചരിത്രം അല്ല കേരള ചരിത്രം.


ആദിമ മതങ്ങൾ ദൈവങ്ങൾ

             നമ്മുടെ നാടായ കേരളത്തിൽ ആദിമ മനുഷ്യന്റെ  കുടിയേറ്റം എന്ന് തുടങ്ങി എന്നതിന് വ്യക്തമായ തെളിവ് ലഭ്യമല്ലെങ്കിലും,ക്രിസ്തു വർഷത്തിനും 10000 മുതൽ 30000 വർഷങ്ങൾക്ക് ഇടയിലുള്ള മീസോലിത്തിക് കാലഘട്ടത്തിൽ ഇവിടെ വാസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പല തെളിവുകളും മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാലക്കാടുള്ള കാഞ്ഞിര പുഴ എന്ന സ്ഥലത്തു നിന്നും ലഭിച്ച ആദിശിലാ യുഗത്തിന്റെ കാലപ്പഴക്കം ക്രിസ്തുവിനും മുൻപ് 50000 വർഷമാണ് കണക്കാക്കിയിരിക്കുന്നത്. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നും  മറ്റു ദേശങ്ങളിലേക്ക് കുടിയേറിയ ആദിമ മനുഷ്യരിലെ ആദ്യത്തെ കൂട്ടം അറേബ്യൻ പെനിസുല ചുറ്റി വന്നു കയറിയത് ഇന്നത്തെ വടക്കേ ഇന്ത്യ ആണെന്ന് ചരിത്രം പറയുന്നു. ആദിമ മനുഷ്യരായ നീഗ്രോയ്ഡ് വർഗ്ഗത്തിൽ പെടുന്ന ഒരുപാട് ഗോത്ര വർഗ്ഗങ്ങൾ ഇന്നും വലിയ മാറ്റങ്ങളോ പരിണാമമോ വരാതെ ഇന്നും നിലനിൽക്കുന്നു. കേരളത്തിൽ ഉള്ള എല്ലാ ആദിവാസികളും ഇത്തരത്തിൽ പെട്ടവരാണ്
                       
                         പ്രാചീന ഗോത്രങ്ങളെക്കുറിച്ചും  മതങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ കിട്ടുന്ന തരത്തിൽ എഴുതപ്പെട്ട തെളിവുകൾ ഒന്നും ലഭ്യമല്ല, സംഘ കാലത്തിൽ എഴുതപ്പെട്ട സാഹിത്യ കൃതികളിലാണ് പല തരത്തിലുള്ള ഭൂവിഭാഗങ്ങളെക്കുറിച്ചും അവയിൽ ജീവിച്ചിരുന്ന വ്യത്യസ്ഥ ജാതിക്കാരായ മനുഷ്യരെക്കുറിച്ചും കൃത്യവും വ്യക്തവുമായ വിവരണങ്ങൾ ഉള്ളത്. പല ദൈവങ്ങളും പല തരം ആചാര അനുഷ്ടാനങ്ങളും നിലനിന്നിരുന്ന ആ കാലത്ത് മതം എന്ന വ്യക്തമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നില്ല. ദൈവങ്ങൾ ഉണ്ടെങ്കിലും ആരാധന ക്രമം ആചാരങ്ങൾ മുതലായ  വലിയ ചിട്ടവട്ടങ്ങൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ഒരു തിണയ്ക്ക് ഒരു  ദൈവം എന്നതായിരുന്നു കണക്ക്.

മുരുകൻ
                       കുറിഞ്ചി തിണൈ എന്നറിയപ്പെട്ടിരുന്ന മലകളും കാടും നിരഞ്ഞ ഭാഗത്ത് ജീവിച്ചിരുന്ന നായാടിയും വന വിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്ന ഒരു പ്രമുഖ  വിഭാഗങ്ങളുടെ ദൈവം ആയിരുന്നു സെയ്യോൻ അല്ലെങ്കിൽ ചെയ്യോൻ. വെസ്റ്റേൺ ഗട്ടിൽ വരുന്ന മലകൾ നിറഞ്ഞ പ്രദേശങ്ങളിൽ മലകളുടെ ദേവനാണു സെയ്യോൻ, പ്രശസ്ഥ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്ന  പളനി മല  സെയ്യോന്റെ ആറു മലകളിൽ ഒന്നാണു. സെയ്യോൻ ആണു പിന്നീടു മുരുകൻ ആയി മാറുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മുരുഗു  എന്ന പേരിൽ ഇന്നും ഒരു ദൈവത്തെ ആരാധിക്കുന്നുണ്ട്, ഇരുവർക്കും പൊതുവായ  പൂർവികർ  ഉള്ളതിനാലാവാം ഇത്തരത്തിൽ ഒരു സംബന്ധം വന്നത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുറവ ജാതിയിൽ പെട്ടവർ ആയിരുന്നു കുറിഞ്ചി തിണൈ വാസികൾ എന്നു പറയപ്പെടുന്നു. ചേര രാജവംശം കുറവ വംശത്തിൽ പെട്ടവർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറവർ എന്ന പേരിലുള്ള ആദിവാസികൾ ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. സെയ്യോനു വലിയ കോവിലുകൾ കെട്ടപ്പെട്ടത് ഇന്നത്തെ തമിഴ് നാട്ടിലാണു കാലാന്തരത്തിൽ സെയ്യോൻ തമിഴ് കടവുൾ ആയി മാറി. കുറിച്ചി എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ഭൂവിഭാഗത്ത് ജീവിച്ചിരുന്നവരാണ് പിന്നീട് കുറിച്യർ എന്നറിയപ്പെട്ടത് എന്നും പറയപ്പെടുന്നു.

കൊറ്റവൈ 

                പാലൈ തിണൈ എന്നറിയപ്പെട്ട ഭൂവിഭാഗത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ മറവൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കടുത്ത ചൂടും മഴയുടെ കുറവും ഉള്ള ഈ ഭാഗത്ത് ജീവിച്ചിരുന്നവർ  വളരെയേറെ ക്രൗര്യതയും മാംസ ഭക്ഷണ പ്രിയരും, കൊള്ള, അമിതമായ മദ്യ ഉപയോഗം എന്നിവ ഉണ്ടായിരുന്ന പ്രത്യേക ജനവിഭാഗം ആയിരുന്നു. ഇവരുടെ ദൈവമായിരുന്നു കൊറ്റവൈ. ഈ തിണകളിൽ മറ്റു ആളുകൾ ജീവിച്ചിരുന്നില്ലെങ്കിലും വ്യാപാരികൾ യാത്ര ചെയ്തിരുന്ന പാതകൾ ഈ തിണകളിൽ കൂടിയായിരുന്നു. മറ്റു തിണകളെ കൊള്ളയടിച്ചു ജീവിച്ചിരുന്ന ഈ ആളുകളുടെ ദൈവം ഇവരെ കൊള്ളയിൽ സഹായിച്ചിരുന്നു.  കാളി ഇതിന്റെ കുറച്ചു കൂടി പരിഷ്കൃതമായ പതിപ്പാണ്. ഇന്നും കൊള്ള കുലതൊഴിൽ ആയി തുടരുന്ന ജനങ്ങളുടെ കുലദേവത കാളിയാണ്.  കൊടുങ്ങല്ലൂരിലെ ആദ്യ പ്രതിഷ്ഠ കൊറ്റവൈ ആയിരുന്നു.

മായോൻ

               മുല്ലൈ തിറൈ  എന്നറിയപ്പെട്ടിരുന്ന തുറസ്സായ ഭൂവിഭാഗത്തിൽ ജീവിച്ചിരുന്ന ഇടയന്മാരായിരുന്ന ജനങ്ങളുടെ ദൈവമായിരുന്നു മായോൻ. മുല്ലൈ എന്നാൽ പുല്ലു നിറഞ്ഞ ചെറിയ കാട് എന്നാണു തമിഴിൽ. ഓടകുഴൽ ഊതി നടക്കുന്ന മായോൻ  ആര്യവത്കരണത്തോടെ ശ്രീകൃഷ്ണൻ ആയി മാറി. ആദ്യ കാല തമിഴ് രാജവംഷങ്ങൾ പെരുമാൾ എന്നു വിളിച്ചിരുന്ന ദൈവം ഈ മായോൻ തന്നെ ആയിരുന്നു. ബ്രാഹ്മണ മതത്തിന്റെ സ്വാധീന ഫലമായി പെരുമാൾ മഹാവിഷ്ണു ആയിമാറി. തിരുമല തിരുപതി ഇത് പോലെ മഹാവിഷ്ണു ആയി മാറിയ പെരുമാൾ ആണ്.

വേന്തൻ

             മരുധം തിണൈ എന്നറിയപ്പെട്ട വയലും അതിനോട് ചേർന്നു കിടക്കുന്ന ഏറ്റവും ഫലഭൂയിഷ്ഠമായ കൃഷി ഭൂമിയിൽ ജീവിച്ചിരുന്ന ദേഹവരും വെള്ളാളരും ഉൾപ്പെടുന്ന ആളുകളുടെ കുല ദൈവമായിരുന്നു വേന്തൻ. ആതിമ രാജാക്കന്മാർ ഉയർന്നു വന്നത് ഈ തിണൈയിൽ നിന്നാണ്. കൊല്ലന്മാർ, സ്വർണ്ണപ്പണിക്കാർ, കൃഷിക്കാർ, ശിൽപ്പികൾ എന്നിങ്ങനെ എല്ലാത്തരം തൊഴിലുകളും ചെയ്യുന്ന ആളുകളും ഈ തിണൈയിലാണു ഉണ്ടായിരുന്നത്. കാലാന്തരത്തിൽ വേന്തൻ ഇന്ദ്രനായി പരിണമിച്ചു. മഴയുടെ ദേവൻ ആയ വേദിക് ദൈവം ഇന്ദ്രൻ അതേ മഴയുടെ ദേവൻ ആയ ദ്രാവിഡ ദൈവം  വെന്തനുമായി താദാത്മ്യം പ്രാപിച്ചു.

വരുണൻ 

                നെയ്താൽ തിണൈ എന്നരിയപ്പെട്ട കടലിനോടു ചേർന്ന് ജീവിച്ചിരുന്ന പരവതർ  എന്നറിയപ്പെടുന്ന സാമ്പത്തികമായി മുന്നിട്ടു നിന്ന ജന വിഭാഗത്തിന്റെ ദൈവമായിരുന്നു ജലദേവൻ ഇത് പിന്നീട് വരുണൻ ആയി മാറി. ഇവരിൽ പെട്ടവർ മിക്കവരും മീൻ പിടിച്ചു ജീവിച്ചിരുന്നവർ ആയിരുന്നുവെങ്കിലും കടൽ വഴി വ്യാപാരം കൂടിയതോടെ കടൽ വണിക്കുകൾ എന്ന ആളുകൾ ആയി മാറുകയും വളരെയധികം സാമ്പത്തിക നേട്ടം ഉണ്ടാക്കിയവർ ആയി മാറുകയും ചെയ്തു.

ദൈവങ്ങളിൽ നിന്നും മതത്തിലേക്ക് 

              ഗോത്ര ദൈവങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും പൊതുവായി ഒരു മതം എന്ന രീതിയിൽ വന്നിരുന്നില്ല. പല ജാതിയിൽ പെട്ടിരുന്ന മനുഷ്യമനുഷ്യർ പരസ്പരം ബന്ധപ്പെട്ടിരുന്നെങ്കിലും മതം എന്ന രീതിയിൽ ഈ ദൈവങ്ങൾ ഒരു കുടക്കീഴിൽ വന്നിരുന്നില്ല, ആരാധന മനുഷ്യ സാമൂഹിക വളർച്ചക്കനുസരിച്ച് വിപുലമാകുകയും ഓരോ ജാതിയും അവരവരുടെ ദൈവങ്ങൾക്ക് വേണ്ടിയുള്ള  ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തു. ചെറിയ ചെറിയ നാട്ടു രാജ്യങ്ങളുടെ വളർച്ചയോടു കൂടി അവരുടെ ദൈവങ്ങൾ കൂടുതൽ ശക്തരാവുകയും വലിയ വലിയ ക്ഷേത്രങ്ങൾ അവർക്ക് വേണ്ടി പണി കഴിപ്പിക്കുകയും ചെയ്തു. മുരുകൻ, കാളി എന്നീ ദൈവങ്ങൾക്ക് ആണ് ഇതിൽ ഏറ്റവും അധികം വളർച്ചയുണ്ടായത്. ഓരോ ജാതിയും ഓരോ മതം എന്ന നിലയിൽ നിന്നും മതം എന്ന രീതിയിലേക്ക് വന്നത് ബ്രാഹ്മണ കുടിയേറ്റത്തോടെയാണ്.

ബുദ്ധ  മതം 


                  ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടോടെ ആണ് കേരളത്തിലേക്ക് ബുദ്ധമതം വന്നു ചേർന്നത്, അശോക ചക്രവർത്തി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ബുദ്ധ മത പ്രചാരണത്തിനായി ബുദ്ധ ഭിക്ഷുക്കളെ അയച്ചിരുന്നു. ദ്രാവിഡ ഗോത്ര ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന ചേര രാജാക്കന്മാർ ആണ് ബുദ്ധ മതത്തിനും അതിന്റെ പ്രചാരകർക്കും ആദ്യമായി അർഹമായ സ്ഥാനം നൽകിയത്, ആയുർവേദം, കൃഷി, കിണർ കുഴിക്കൽ, ആശുപത്രികൾ, കളരി എന്നിവയൊക്കെ ബുദ്ധ മതത്തിന്റെ സംഭാവനകളാണ്. മൃഗ ബലി, ദുർ മന്ത്രവാദം തുടങ്ങിയ ദുരാചാരങ്ങളെ തടയുകയും ധാരാളം പള്ളികൾ (ബുദ്ധ വിഹാരം ) ഇവർ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിവർത്തനം എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, ശബരിമല, അർത്തുങ്കൽ ഇരിങ്ങാലക്കുടതുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മണ്യ മതങ്ങളുടെ വരവോടു കൂടി ബുദ്ധമതത്തിനു സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം കുറയുകയും ബുദ്ധ വിഹാരങ്ങൾ ക്ഷേത്രങ്ങൾ ആയി മാറുകയുംചെയ്തു. ബ്രാഹ്മണ്യ മേൽകോയ്മയെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബുദ്ധ മത വിശ്വാസികൾ ചാതുർ വർണ്യത്തിനും പുറത്തുള്ള അധസ്ഥിതരായും പരിണമിച്ചു. മലയാള ഭാഷ തമിഴും സംസ്കൃതവും ചേർന്നാണു ഉണ്ടായത് എന്നു നമ്മൾ പഠിക്കുന്നുണ്ട് എങ്കിലും മലയാളത്തിലെ പല വാക്കുകളും ബുദ്ധരുടെ ഭാഷയായ പാലിയിൽ നിന്നും ഉണ്ടായത് ആണു.



ജൈന മതം 



                 ക്രി.മു മൂന്നാം നോറ്റാണ്ടോടു കൂടിയാണ് കേരളത്തിൽ ജൈന മതം എത്തിച്ചേർന്നത്, ധ്യാനത്തിന് പറ്റിയ സ്ഥലങ്ങൾ തേടിയെത്തിയ ജൈന സന്യാസിമാർ കേരളത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേർന്നു. ചിലപ്പതികാരം എഴുതിയ ഇളങ്കോഅടിയുടെ കാലത്ത് ജൈന മതം കേരളത്തിൽ അതിന്റെ പാരമ്യത്തിൽ  എത്തിയിരുന്നു. ക്രി.മു എട്ടാം നൂറ്റാണ്ടോടു കൂടി ശൈവ വൈഷ്ണവ മതങ്ങളുടെ ആഭിർഭാവത്തോടു കൂടി ജൈന മതത്തിന്റെ ക്ഷയം ആരംഭിക്കുകയും പതിനാറാം നൂറ്റാണ്ടോടു കൂടി ജൈന മതം നാമാവശേഷം ആവുകയും ചെയ്തു.



മത പരിണാമം ബ്രാഹ്മണരുടെ വരവോടു കൂടി.


                  ചേര രാജാക്കന്മാർ ബുദ്ധ മത അനുയായികൾ ആയിരുന്നു, ഇന്ന് കേരളത്തിലെ ബ്രാഹ്മണർ നമ്പൂതിരി എന്നാണല്ലോ അറിയപ്പെടുന്നത്, എന്നാൽ ചേര രാജാവിന്റെ രാജ സഭയിലെ ഉപദേശക സ്ഥാനത്തുള്ള ബുദ്ധ മതാനുയായികൾക്ക് ആണ് നമ്പൂതിരി എന്ന പേരുണ്ടായിരുന്നത്. ബ്രാഹ്മണരുടെ  സ്വാധീനം സമൂഹത്തിൽ കൂടി  വരുകയും നമ്പൂതിരി സ്ഥാനം ബ്രാഹ്മണർ ഏറ്റെടുക്കുകയും ചെയ്തു. സമൂഹത്തെ ചാതുർ വർണ്യം അനുസരിച്ചു തിരിക്കുകയും ബ്രാഹ്മണർക്ക് ശേഷം വരുന്ന ക്ഷത്രിയ പദവി അന്നത്തെ രാജ പരമ്പരകൾക്ക് നൽകുകയും ചെയ്തു. ബ്രഹ്മണ്യത്തെ അംഗീകരിച്ച നായർ മുതലായ ജാതികൾക്ക് വൈശ്യ ശൂദ്ര പദവികൾ നൽകുകയും ബ്രഹ്മണ്യത്തെയും ആര്യ ദൈവങ്ങളെയും അംഗീകരിക്കാൻ തയ്യാറാകാത്ത ഈഴവർ മുതലായ ജാതികളെ ചാതുർ വർണ്യത്തിനും പുറത്തുള്ള അധഃസ്ഥിത വർഗമായി തരം താഴ്ത്തുകയും ചെയ്തു.
              ആര്യമതതിൽ ജപം ഹോമം എന്നിവയ്ക്കാണു പ്രാമുഖ്യം എങ്കിലും  ദ്രാവിഡ സ്വാധീനത്തിന്റെ ഫലമായി കേരളത്തിലെ ആരാധനാ രീതികളിൽ താന്ത്രിക സ്വാധീനം കൂടി വരികയും അരാധന രണ്ടും കലർന്ന ഒരു പ്രത്യേക രൂപം ആവുകയും ചെയ്തു. ദ്രാവിഡ ഗോത്ര മതത്തിൽ പെട്ട പല ദൈവങ്ങളും  ബ്രാഹ്മണ  മതത്തിൽ ചേർക്കപ്പെട്ടു, ജാതിയിൽ താഴെ തട്ടിലുള്ളവരായി മാറിയ പുരാതന ഗോത്ര ജനങ്ങളുടെ ദൈവങ്ങളെ താഴേ തട്ടിലുള്ള അവർ മാത്രം ആരാധിക്കുകയും ആര്യ ബ്രാഹ്മണരുടെ ദൈവങ്ങൾ ആയ വിഷ്ണു, കൃഷ്ണൻ ദ്രാവിഡ ബ്രാഹ്മണരുടെ ദൈവമായ ശിവൻ എന്നിവരുടെ ധാരാളം ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തു.

ദൈവങ്ങളുടെ പരിണാമം 




കൊറ്റവൈ, കൊറവൈ


കൊറ്റവൈ കോയിൽ
മഹാബലിപുരം
കൊറ്റവൈ  എന്നത് വളരെ ദൗദ്രതയാർന്ന ദൈവമായിരുന്നു. ബലി മുതലായ പൂജകൾ ഏറ്റവും കൂടുതൽ ചെയ്യപ്പെട്ടിരുന്നത് കൊറ്റവൈക്ക് മുന്നിലായിരുന്നു. യുദ്ധതിനു പോകുന്ന പടയാളികൾ പൂജിക്കുന്ന ദൈവമായ കൊറ്റവൈ ബ്രാഹ്മണ വത്കരണത്തോടെ കാളി ആയി മാറി.

കൊറ്റവൈ കാളി അല്ലെങ്കിൽ പടകാളി ആയി മാറുന്നത് യുദ്ധത്തിൽ ദാരികാസുര നിഗ്രഹത്തിനു പുറപ്പെടുന്ന പുരാണ കഥയിൽ നിന്നാണ്.  ഇതോട് കൂടി യുദ്ധ ദേവതയായി മാറിയ കാളിയെ യോദ്ധാക്കൾ ആരാധിക്കുന്ന രീതി നിലവിൽ വന്നു. യുദ്ധത്തിനു പോകുന്നതിനു മുൻപ് മൃഗബലിയും പൂജകളും പതിവായി മാറി. കേരളത്തിൽ പഴശ്ശി രാജാവിന്റെ പരമ്പരയിൽ വരുന്നവർ യുദ്ധത്തിനു പോകുന്നതിനു മുൻപ് പടകാളിയെ പൂജിക്കുന്ന പതിവുണ്ടായിരുന്നു എന്നു ചരിത്രത്തിൽ പറയുന്നു. ശ്രീ പോർക്കലി എന്ന പേരിൽ വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്നതും കൊറ്റവയെ തന്നെയാണ്.





















ചാത്തൻ, കുട്ടി ചാത്തൻ 



കരുമാടി കുട്ടൻ
ആലപ്പുഴ
ചാത്തന്മാരുടെ ആര്യ വത്ക്കരിച്ച രൂപമാണ് ശാസ്താവ്, ശാസ്താവ് ആരാണ് എന്നതിന് ഇന്നും ആരും കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. തരം താഴ്ത്തപ്പെട്ട ശ്രീ ബുദ്ധൻ ആണ് ശാസ്താവ് എന്നതാണ് ഇതിൽ ബലമുള്ള ഒരു വാദം. ബ്രാഹ്മണ്യത്തെ അംഗീകരിക്കാതിരുന്ന ജാതികളെ ചാതുർവർണ്യത്തിനു പുറത്താക്കി അഥസ്തിതരാക്കി കണക്കാക്കിയിരുന്നു. ബുദ്ധ മതത്തിൽ പെട്ടവർ ആയിരുന്നു ഇവരിൽ കൂടുതലും. ശ്രീ ധർമ്മ ശാസ്താവ് എന്നറിയപ്പെട്ടിരുന്ന ബുദ്ധൻ ആണു കാലാന്തരത്തിൽ ചാത്തൻ എന്ന പേരിൽ അധസ്ഥിതരുടെ ദൈവം ആയി മാറിയത്.  ശാസ്താ എന്ന വാക്കിന്റെ ഗ്രാമീണ മലയാള വാക്കാണു ചാത്തൻ. ശങ്കരാചാര്യരുടെ വരവോടെയാണു ജൈന ബുദ്ധ മതങ്ങൾക്ക് മുന്നിൽ തകർന്നു പോയ ബ്രാഹ്മണ മതം വീണ്ടും ഉയർത്തെണീക്കുന്നത്. ബ്രാഹ്മണ മതം വിശാലമായ ഷഠ്മതം ആയി മാറുകയും ശൈവ വൈഷ്ണവ സങ്കലനത്തിലൂടെയാണു ശാസ്താവ് ഉണ്ടായത് എന്നു പുരാണങ്ങൾ എഴുതി ഉണ്ടാക്കുകയും ചെയ്തു. കേരളത്തിൽ ഉണ്ടായിരുന്ന ബുദ്ധ മതങ്ങൾ അതോടെ ശാസ്താ എന്ന ബ്രാഹ്മണ മത ദേവന്റേത് ആയി മാറുകയും ചെയ്തു.















മുരുകൻ

മുരുകൻ



തോൽക്കാപ്പിയത്തിലും മറ്റും സെയ്യവൻ എന്ന പേരിൽ അറിയപ്പെട്ട മുരുകൻ കാലാന്തരത്തിൽ തമിഴ് ദൈവമായി മാറുകയും, ബ്രാഹ്മണ സ്വാധീന ഫലമായി  ശിവ പുത്രനായ സുബ്രഹ്മണ്യൻ അല്ലെങ്കിൽ കാർത്തികേയൻ ആയി മാറുകയും ചെയ്തു.











വെന്തൻ

കാലാന്തരത്തിൽ വെന്തൻ ഇന്ദ്രനായി മാറുകയും കാല ക്രമേണ വേദത്തിലെ പ്രമുഖനായ ദേവൻ ഒട്ടും വിലയില്ലാത്ത തരത്തിൽ തരം താഴ്ത്തപ്പെടുകയും ചെയ്തു. വേദങ്ങളിൽ ഇന്ദ്രനാണു പ്രമുഖ സ്ഥാനമെങ്കിലും ബ്രാഹ്മണ മതം ഹിന്ദു മതം എന്നു ഇന്നറിയപ്പെടുന്ന ഷഠ് മൂർത്തീ മതം ആയി മാറുകയും ചെയ്ത വേളയിൽ ഏറ്റവും അപ്രധാന്യ മൂർത്തി ആയി ഇന്ദ്രൻ മാറി. ശൈവ വിഷ്ണു  മതങ്ങളുടെ സ്വാധീന ഫലമായി രാജാക്കന്മാർ വിഷ്ണു അല്ലെങ്കിൽ ശിവൻ എന്നീ ദൈവങ്ങളുടെ ആരാധകർ ആയി മാറിയതോടെ ഇന്ദ്രൻ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടു.




അയ്യൻ അയ്യനാർ അയ്യപ്പൻ 

അയ്യപ്പൻ



അയ്യനും അയ്യനാരും, അയ്യനാർക്ക് കേരളത്തിൽ വലിയ സ്വാധീനം ഇല്ലെങ്കിലും അയ്യപ്പൻ കേരളത്തിൽ വലിയ സ്വാധീനം ഉള്ള ദൈവമാണ്. കാവൽ ദൈവങ്ങൾ എന്നറിയപ്പെടുന്ന ഈ ദൈവങ്ങൾ ശാസ്താവിന്റെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു. ബ്രാഹ്മണ മതം ഷഠ്മതം എന്ന രൂപത്തിൽ ആയത് ശങ്കരാചാര്യരുടെ കാലത്താണ്, ശൈവം വൈഷ്ണവം, ശാക്തേയം എന്നിവയെ കൂട്ടിക്കലർത്തി ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിങ്ങനെ മൂന്ന് ദൈവങ്ങളെ കൂടി കൊണ്ടുവരികയും ബ്രാഹ്മ്മണ മതം ഷഠ്മതം ആയി മാറുകയും ചെയ്തു. ഇതിൽ ശൈവ വിഷ്ണു മതങ്ങളുടെ സങ്കലനം ആണു ശാസ്താമതം. ചാത്തൻ, കുട്ടിച്ചാത്തൻ, വിസ്ണുമായ, വേട്ടക്കൊരുമകൻ എന്നിങ്ങനെ ശാസ്താ സങ്കല്പം ഉള്ള ഒരുപാട് വേറെയും ഉണ്ട്.



Monday, 29 August 2016

പൂജ്യം അഥവാ ആരംഭം...ദൈവവും മനുഷ്യനും


ആവശ്യത്തിനും അനാവശ്യത്തിനും മതവും ദൈവവും സമൂഹത്തിലെ എല്ലാ മേഘലയിലേക്കും കടന്നു വരുന്ന ഈ കാലഘട്ടത്തിൽ മതത്തിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ചില പൊളിച്ചെഴുതലുകൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരീശ്വര വാദം എന്ന തലത്തിലേക്ക് കടക്കാതെ തന്നെ നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളിൽ ചില വ്യത്യാസം വരുത്തുക വഴി നമുക്ക് കുറെ കൂടി നന്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ പിറവിക്ക് കാരണമായി തീരാം. ഇന്ന് നമുക്കറിയാവുന്ന പല മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്‌ടി തന്നെയാണ് അത്  അംഗീകരിക്കാതെ തങ്ങളുടെ മതം ആണ് മഹത്തരം എന്ന കടും പിടുത്തത്തിലൂടെ നമ്മൾ നമ്മൾക്ക്  ചുറ്റും ഒരു മതിൽ സൃഷ്ടിക്കുകയും വിശാലമായ ഈ ലോകത്ത് നിന്നും ഓടിയൊളിക്കുകയും ചെയ്യുന്നു. മതം എല്ലാം മനുഷ്യന്റെ നന്മക്കായി മാത്രം രൂപം കൊണ്ടതാണ്,തനിക്കൊപ്പം സമൂഹവും മറ്റു സഹ ജീവികളും സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിൽക്കണം എന്ന ചില മനുഷ്യരുടെ ചിന്തയിൽ ഉടലെടുത്ത ഓരോ മതവും കാലാന്തരത്തിൽ ചിലരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരുത്തി എഴുതപ്പെടുകയും ആശയങ്ങൾ വളച്ചൊടിക്കപ്പെടുകയും ചെയ്തതോടു കൂടി മതവും ദൈവങ്ങളും മനുഷ്യരെ കൊന്നൊടുക്കുവാൻ തുടങ്ങി, അതിന്നും നിർബാധം തുടരുന്നു. അന്ധമായ വിശ്വാസവും വികലമായ ചിന്തകളും മതത്തിന്റെ വേലികെട്ടുകളിൽ നിന്നും പുറത്തു വന്നവരെയും  മാറി ചിന്തിക്കുന്നവരെ കൂടി ഇല്ലായ്മ ചെയ്യുന്ന തരത്തിൽ അധഃപതിച്ചിരിക്കുന്നു ...
എന്റെ വായനയിൽ കണ്ടെത്തിയ ചില കാര്യങ്ങളും എന്റെ യുക്തിയും  ബുദ്ധിയും  ഇത് പോലെ ആയി കൂടെ എന്ന് എന്നോട് ചോദിച്ച കാര്യങ്ങളും ചേർത്തുള്ള ഒരു എഴുത്തതാണിത്. അറിവും ശാസ്ത്രവും വളരുന്നതിനനുസരിച്ച് ഇനിയും ഒരുപാട് തിരുത്തലുകളും കൂട്ടി ചേർക്കലുകളും ഇനിയും വന്നു ചേരാം. ഇത് എന്റെ പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി എഴുന്നത് മാത്രമാണ്. താല്പര്യം ഉള്ളവർക്ക് കൂടെ ചേരാം നല്ലൊരു നാളേക്കായി...
നല്ലൊരു മനുഷ്യനായി ജീവിക്കാനായി...

ഞാൻ ആണ് ദൈവം എന്ന കണ്ടെത്തലിലേക്ക് ഉള്ള യാത്രയിലെ ആദ്യത്തെ ചില ചുവടുകൾ...


ദൈവവും മനുഷ്യനും 

                       ഇന്ന് നമ്മൾക്ക് അറിയാവുന്ന മനുഷ്യന്റെ പിറവിയും അവന്റെ വംശ പരമ്പരയുടെ യാത്രയും ആരംഭിക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ  എ ത്യോപ്യയിലെ  ഒരു ഗുഹാമുഖത്ത് നിന്നാണ്, മനുഷ്യനെ ദൈവം മണ്ണ് കൊണ്ട് ഉണ്ടാക്കിയോ കല്ല് കൊണ്ട് ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടു പിടിക്കാനുള്ള അവസരം നിങ്ങളുടെ യുക്തിക്ക് വിടുന്നു. ലക്ഷക്കണക്കിന് വർഷം മുൻപ് തുടങ്ങിയ ആ യാത്ര ഇന്നും തുടരുന്നു, സയൻസിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ ജനിറ്റിക്കൽ മാപ്പ് കണ്ടു പിടിക്കാനുള്ള അവസരം ഇന്നുണ്ട്. തങ്ങളുടെ പൂർവ പിതാമഹന്മാർ എവിടെ നിന്ന് വന്നു എന്ന് വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കും.

           വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന മനുഷ്യരാണ് യാത്ര ആരംഭിച്ചത് എങ്കിൽ കൃഷിയും മൃഗങ്ങളെ ഇണക്കി വളർത്തലും ആരംഭിച്ചതോടു കൂടി യാത്രകൾ പലരും അവസാനിപ്പിക്കുകയും മറ്റു ചിലർ വീണ്ടും പുതിയ മേച്ചിൽ പുറങ്ങൾ തേടി വീണ്ടും യാത്ര തുടരുകയും ചെയ്തു. അവിടെ നിന്നും മനുഷ്യന്റെ ഗോത്ര പരമ്പര ആരംഭിക്കുകയായി.
കാടിനോടും  വന്യ മൃഗങ്ങളോടും പ്രകൃതി ശക്തികളോടും എതിർത്ത് പോരാടുന്നുന്നതിനിടയിൽ തനിക്ക് പോരാടി ജയിക്കാനോ നിയന്ത്രിക്കാനോ ആവാത്ത ശക്തികളെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിന് വേണ്ടിയാണ് ആദ്യമായി പ്രാർത്ഥനയും ആരാധനയും മനുഷ്യർ ആരംഭിക്കുന്നത്. അഗ്നി കാറ്റ് മിന്നൽ കടൽ സൂര്യൻ ചന്ദ്രൻ നാഗങ്ങൾ എന്നിവർ ആരാധനാ മൂർത്തികൾ ആയി.
               കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്ന ഹിന്ദു മതത്തിൽ ഇന്നും ഈ രീതി തുടർന്ന് പോരുന്നു, ഗംഗ നദി മുറിച്ചു കടക്കുന്നതിനു അവിടുള്ള തദ്ദേശീയരെ തോൽപ്പിക്കുന്നതിനായി  ഇന്ദ്രനോടും മറ്റും അപേക്ഷിക്കുന്ന സ്തോത്രങ്ങൾ ആണ് ഋഗ്വേദത്തിന്റെ തുടക്കത്തിൽ ഉള്ളത്, പ്രകൃതി ശക്തികളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനാണ് ഇത്തരം പ്രാർത്ഥനകളും യജ്ഞങ്ങളും അനുഷ്ടിച്ചിരുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.


                  പല ഗോത്രങ്ങൾ തമ്മിലുള്ള മത്സത്തിന്റെ ഫലമായി ഗോത്ര ദൈവം എന്ന ആശയം ഉടലെടുക്കുകയും ഇത്  പല മതങ്ങൾ ആയി മാറുകയും ചെയ്തു, ദൈവങ്ങൾക്ക് രൂപം കൽപ്പിക്കുകയും പ്രതിമകൾ നിർമിച്ച് ആരാധനാലയങ്ങളും ആരാധന ക്രമവും ബലി പോലുള്ള ദേവ പ്രീതിക്കായി നടത്തുന്ന ചടങ്ങുകളും ആരംഭിച്ചു. കൂടുതൽ പരിഷ്കൃതമായ സമൂഹത്തിൽ ബൗദ്ദിക വളർച്ച  വന്ന ജനങ്ങൾ കൂടുതൽ ചിന്തിക്കുകയും തങ്ങളുടെ ജനനത്തിനു ആധാരം എന്തെന്നും ജനനം മരണം എന്നിവയെ നിർവചിക്കാനും  ശ്രമിക്കുകയും വ്യക്തവും ഉറപ്പുള്ളതുമായ ഉത്തരത്തിൽ എത്തി ചേരാതിരിക്കുകയും ചെയ്തതോടെ പരിഷ്‌കൃതമായ ദൈവങ്ങളും മതവും മത ഗ്രന്‌ഥങ്ങളും മത നിയമങ്ങളും ആഭിർവവിച്ചു. മനുഷ്യന്റെ സൃഷ്ടിയും മരണവും മരണാന്തര ജീവിതവും എല്ലാം ദൈവത്തിന്റെ നിയത്രണത്തിലേക്ക് മാറി. മനുഷ്യന്റെ പാരിണാമത്തിനും ബൗദ്ദിക വളർച്ചക്കും അനുസരിച്ച് മതങ്ങളും ദൈവങ്ങളും പുതുക്കപ്പെട്ടു പുതിയ ദൈവങ്ങൾ പുതിയ മതങ്ങൾ ഒരു പരിധി വരെ സമൂഹത്തിന്റെ ശരികളും തെറ്റുകളും നിർവചിച്ചു മനുഷ്യനെ ഭയപ്പെടുത്തി നേർവഴിക്ക് നടത്തുക എന്ന കടമ   മതം  ഏറ്റെടുത്തു.
ആരാധനയും ദൈവവും സമൂഹത്തിന്റെ നില നിൽപ്പിന്റെ തന്നെ ഭാഗമായതോടു കൂടി പുരോഹിത വർഗം ഉടലെടുത്തു, അവർ ദൈവത്തിന്റെ പ്രതി പുരുഷൻ ആയി മാറി. സമൂഹത്തിൽ   അവരുടെ സ്ഥാനം വളരെ ഉയരെയാവുകയും അവർ സ്വയം ജാതി വ്യവസ്ഥക്ക് തുടക്കംകുറിക്കുകയും ചെയ്തു,  അല്ലെങ്കിൽ ഉന്നത കുല ജാതർ എന്ന പുതിയൊരു ജനതയെ സൃഷ്ടിച്ച് മനുഷ്യരെ പല തട്ടുകളായി തിരിച്ചു.
മനുഷ്യരേക്കാൾ അധികം മാറ്റത്തിനും പരിണാമത്തിനും ദൈവം വിധേയരാകുകയും ഗോത്ര ദൈവങ്ങൾ ചില രാഷ്ടങ്ങളുടെ തന്നെ ദൈവങ്ങൾ ആയി മാറുകയും ചെയ്തതോടു കൂടി ഏത് ദൈവമാണ് ശക്തൻ എന്ന ചോദ്യത്തിന് ഉത്തരമാ യി രാജ്യങ്ങൾ തമ്മിൽ യുദധം പതിവായി, ജയിക്കുന്ന രാജ്യത്തിന്റെ ദൈവം പരമോന്നതനാവുകയും മറ്റുള്ളവ ഇല്ലാതാവുകയോ ഉപദേവതകൾ ആയി മാറുകയോ ചെയ്തു. എണ്ണമില്ലാത്ത ദൈവങ്ങൾ ജനങ്ങളെ തമ്മിൽ പലതായി തിരിക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു. ഇത്തരം ഒരവസ്ഥയിൽ നിന്നാണ് ഏക ദൈവം എന്ന ആശയം ഉടലെടുക്കുകയും ഇന്ന് കാണുന്ന രീതിയിൽ അബ്രഹാമിക് മതങ്ങൾ ആരംഭിക്കുകയുംചെയ്തത്.....
തുടരും