Monday, 29 August 2016

പൂജ്യം അഥവാ ആരംഭം...ദൈവവും മനുഷ്യനും


ആവശ്യത്തിനും അനാവശ്യത്തിനും മതവും ദൈവവും സമൂഹത്തിലെ എല്ലാ മേഘലയിലേക്കും കടന്നു വരുന്ന ഈ കാലഘട്ടത്തിൽ മതത്തിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ചില പൊളിച്ചെഴുതലുകൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരീശ്വര വാദം എന്ന തലത്തിലേക്ക് കടക്കാതെ തന്നെ നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളിൽ ചില വ്യത്യാസം വരുത്തുക വഴി നമുക്ക് കുറെ കൂടി നന്മ നിറഞ്ഞ ഒരു സമൂഹത്തിന്റെ പിറവിക്ക് കാരണമായി തീരാം. ഇന്ന് നമുക്കറിയാവുന്ന പല മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്‌ടി തന്നെയാണ് അത്  അംഗീകരിക്കാതെ തങ്ങളുടെ മതം ആണ് മഹത്തരം എന്ന കടും പിടുത്തത്തിലൂടെ നമ്മൾ നമ്മൾക്ക്  ചുറ്റും ഒരു മതിൽ സൃഷ്ടിക്കുകയും വിശാലമായ ഈ ലോകത്ത് നിന്നും ഓടിയൊളിക്കുകയും ചെയ്യുന്നു. മതം എല്ലാം മനുഷ്യന്റെ നന്മക്കായി മാത്രം രൂപം കൊണ്ടതാണ്,തനിക്കൊപ്പം സമൂഹവും മറ്റു സഹ ജീവികളും സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിൽക്കണം എന്ന ചില മനുഷ്യരുടെ ചിന്തയിൽ ഉടലെടുത്ത ഓരോ മതവും കാലാന്തരത്തിൽ ചിലരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തിരുത്തി എഴുതപ്പെടുകയും ആശയങ്ങൾ വളച്ചൊടിക്കപ്പെടുകയും ചെയ്തതോടു കൂടി മതവും ദൈവങ്ങളും മനുഷ്യരെ കൊന്നൊടുക്കുവാൻ തുടങ്ങി, അതിന്നും നിർബാധം തുടരുന്നു. അന്ധമായ വിശ്വാസവും വികലമായ ചിന്തകളും മതത്തിന്റെ വേലികെട്ടുകളിൽ നിന്നും പുറത്തു വന്നവരെയും  മാറി ചിന്തിക്കുന്നവരെ കൂടി ഇല്ലായ്മ ചെയ്യുന്ന തരത്തിൽ അധഃപതിച്ചിരിക്കുന്നു ...
എന്റെ വായനയിൽ കണ്ടെത്തിയ ചില കാര്യങ്ങളും എന്റെ യുക്തിയും  ബുദ്ധിയും  ഇത് പോലെ ആയി കൂടെ എന്ന് എന്നോട് ചോദിച്ച കാര്യങ്ങളും ചേർത്തുള്ള ഒരു എഴുത്തതാണിത്. അറിവും ശാസ്ത്രവും വളരുന്നതിനനുസരിച്ച് ഇനിയും ഒരുപാട് തിരുത്തലുകളും കൂട്ടി ചേർക്കലുകളും ഇനിയും വന്നു ചേരാം. ഇത് എന്റെ പരിമിതമായ അറിവിനെ അടിസ്ഥാനമാക്കി എഴുന്നത് മാത്രമാണ്. താല്പര്യം ഉള്ളവർക്ക് കൂടെ ചേരാം നല്ലൊരു നാളേക്കായി...
നല്ലൊരു മനുഷ്യനായി ജീവിക്കാനായി...

ഞാൻ ആണ് ദൈവം എന്ന കണ്ടെത്തലിലേക്ക് ഉള്ള യാത്രയിലെ ആദ്യത്തെ ചില ചുവടുകൾ...


ദൈവവും മനുഷ്യനും 

                       ഇന്ന് നമ്മൾക്ക് അറിയാവുന്ന മനുഷ്യന്റെ പിറവിയും അവന്റെ വംശ പരമ്പരയുടെ യാത്രയും ആരംഭിക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ  എ ത്യോപ്യയിലെ  ഒരു ഗുഹാമുഖത്ത് നിന്നാണ്, മനുഷ്യനെ ദൈവം മണ്ണ് കൊണ്ട് ഉണ്ടാക്കിയോ കല്ല് കൊണ്ട് ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടു പിടിക്കാനുള്ള അവസരം നിങ്ങളുടെ യുക്തിക്ക് വിടുന്നു. ലക്ഷക്കണക്കിന് വർഷം മുൻപ് തുടങ്ങിയ ആ യാത്ര ഇന്നും തുടരുന്നു, സയൻസിൽ വിശ്വസിക്കുന്നവർക്ക് തങ്ങളുടെ ജനിറ്റിക്കൽ മാപ്പ് കണ്ടു പിടിക്കാനുള്ള അവസരം ഇന്നുണ്ട്. തങ്ങളുടെ പൂർവ പിതാമഹന്മാർ എവിടെ നിന്ന് വന്നു എന്ന് വ്യക്തമായ ചിത്രം ഇതിലൂടെ ലഭിക്കും.

           വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന മനുഷ്യരാണ് യാത്ര ആരംഭിച്ചത് എങ്കിൽ കൃഷിയും മൃഗങ്ങളെ ഇണക്കി വളർത്തലും ആരംഭിച്ചതോടു കൂടി യാത്രകൾ പലരും അവസാനിപ്പിക്കുകയും മറ്റു ചിലർ വീണ്ടും പുതിയ മേച്ചിൽ പുറങ്ങൾ തേടി വീണ്ടും യാത്ര തുടരുകയും ചെയ്തു. അവിടെ നിന്നും മനുഷ്യന്റെ ഗോത്ര പരമ്പര ആരംഭിക്കുകയായി.
കാടിനോടും  വന്യ മൃഗങ്ങളോടും പ്രകൃതി ശക്തികളോടും എതിർത്ത് പോരാടുന്നുന്നതിനിടയിൽ തനിക്ക് പോരാടി ജയിക്കാനോ നിയന്ത്രിക്കാനോ ആവാത്ത ശക്തികളെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിന് വേണ്ടിയാണ് ആദ്യമായി പ്രാർത്ഥനയും ആരാധനയും മനുഷ്യർ ആരംഭിക്കുന്നത്. അഗ്നി കാറ്റ് മിന്നൽ കടൽ സൂര്യൻ ചന്ദ്രൻ നാഗങ്ങൾ എന്നിവർ ആരാധനാ മൂർത്തികൾ ആയി.
               കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകാതെ നിലനിൽക്കുന്ന ഹിന്ദു മതത്തിൽ ഇന്നും ഈ രീതി തുടർന്ന് പോരുന്നു, ഗംഗ നദി മുറിച്ചു കടക്കുന്നതിനു അവിടുള്ള തദ്ദേശീയരെ തോൽപ്പിക്കുന്നതിനായി  ഇന്ദ്രനോടും മറ്റും അപേക്ഷിക്കുന്ന സ്തോത്രങ്ങൾ ആണ് ഋഗ്വേദത്തിന്റെ തുടക്കത്തിൽ ഉള്ളത്, പ്രകൃതി ശക്തികളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനാണ് ഇത്തരം പ്രാർത്ഥനകളും യജ്ഞങ്ങളും അനുഷ്ടിച്ചിരുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.


                  പല ഗോത്രങ്ങൾ തമ്മിലുള്ള മത്സത്തിന്റെ ഫലമായി ഗോത്ര ദൈവം എന്ന ആശയം ഉടലെടുക്കുകയും ഇത്  പല മതങ്ങൾ ആയി മാറുകയും ചെയ്തു, ദൈവങ്ങൾക്ക് രൂപം കൽപ്പിക്കുകയും പ്രതിമകൾ നിർമിച്ച് ആരാധനാലയങ്ങളും ആരാധന ക്രമവും ബലി പോലുള്ള ദേവ പ്രീതിക്കായി നടത്തുന്ന ചടങ്ങുകളും ആരംഭിച്ചു. കൂടുതൽ പരിഷ്കൃതമായ സമൂഹത്തിൽ ബൗദ്ദിക വളർച്ച  വന്ന ജനങ്ങൾ കൂടുതൽ ചിന്തിക്കുകയും തങ്ങളുടെ ജനനത്തിനു ആധാരം എന്തെന്നും ജനനം മരണം എന്നിവയെ നിർവചിക്കാനും  ശ്രമിക്കുകയും വ്യക്തവും ഉറപ്പുള്ളതുമായ ഉത്തരത്തിൽ എത്തി ചേരാതിരിക്കുകയും ചെയ്തതോടെ പരിഷ്‌കൃതമായ ദൈവങ്ങളും മതവും മത ഗ്രന്‌ഥങ്ങളും മത നിയമങ്ങളും ആഭിർവവിച്ചു. മനുഷ്യന്റെ സൃഷ്ടിയും മരണവും മരണാന്തര ജീവിതവും എല്ലാം ദൈവത്തിന്റെ നിയത്രണത്തിലേക്ക് മാറി. മനുഷ്യന്റെ പാരിണാമത്തിനും ബൗദ്ദിക വളർച്ചക്കും അനുസരിച്ച് മതങ്ങളും ദൈവങ്ങളും പുതുക്കപ്പെട്ടു പുതിയ ദൈവങ്ങൾ പുതിയ മതങ്ങൾ ഒരു പരിധി വരെ സമൂഹത്തിന്റെ ശരികളും തെറ്റുകളും നിർവചിച്ചു മനുഷ്യനെ ഭയപ്പെടുത്തി നേർവഴിക്ക് നടത്തുക എന്ന കടമ   മതം  ഏറ്റെടുത്തു.
ആരാധനയും ദൈവവും സമൂഹത്തിന്റെ നില നിൽപ്പിന്റെ തന്നെ ഭാഗമായതോടു കൂടി പുരോഹിത വർഗം ഉടലെടുത്തു, അവർ ദൈവത്തിന്റെ പ്രതി പുരുഷൻ ആയി മാറി. സമൂഹത്തിൽ   അവരുടെ സ്ഥാനം വളരെ ഉയരെയാവുകയും അവർ സ്വയം ജാതി വ്യവസ്ഥക്ക് തുടക്കംകുറിക്കുകയും ചെയ്തു,  അല്ലെങ്കിൽ ഉന്നത കുല ജാതർ എന്ന പുതിയൊരു ജനതയെ സൃഷ്ടിച്ച് മനുഷ്യരെ പല തട്ടുകളായി തിരിച്ചു.
മനുഷ്യരേക്കാൾ അധികം മാറ്റത്തിനും പരിണാമത്തിനും ദൈവം വിധേയരാകുകയും ഗോത്ര ദൈവങ്ങൾ ചില രാഷ്ടങ്ങളുടെ തന്നെ ദൈവങ്ങൾ ആയി മാറുകയും ചെയ്തതോടു കൂടി ഏത് ദൈവമാണ് ശക്തൻ എന്ന ചോദ്യത്തിന് ഉത്തരമാ യി രാജ്യങ്ങൾ തമ്മിൽ യുദധം പതിവായി, ജയിക്കുന്ന രാജ്യത്തിന്റെ ദൈവം പരമോന്നതനാവുകയും മറ്റുള്ളവ ഇല്ലാതാവുകയോ ഉപദേവതകൾ ആയി മാറുകയോ ചെയ്തു. എണ്ണമില്ലാത്ത ദൈവങ്ങൾ ജനങ്ങളെ തമ്മിൽ പലതായി തിരിക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു. ഇത്തരം ഒരവസ്ഥയിൽ നിന്നാണ് ഏക ദൈവം എന്ന ആശയം ഉടലെടുക്കുകയും ഇന്ന് കാണുന്ന രീതിയിൽ അബ്രഹാമിക് മതങ്ങൾ ആരംഭിക്കുകയുംചെയ്തത്.....
തുടരും

No comments:

Post a Comment