കേരളത്തിലെ പ്രാചീന മതങ്ങൾ


കേരളം പരശുരാമൻ മഴു എറിഞ്ഞു സൃഷ്ടിച്ചു എന്ന് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അത് ബ്രാഹ്മണർ കേരളത്തെ തങ്ങൾക്ക് ദാനമായി പരശുരാമൻ തന്നതാണ് എന്ന് വരുത്തി തീർക്കുന്നതിനും ബ്രഹ്മണ്യ ആധിപത്യത്തെ മറ്റു ജന വിഭാഗങ്ങൾ പൂർണമായും അംഗീകരിക്കുന്നതിനും ഉണ്ടാക്കിയ ഒരു കഥ മാത്രമാണ്. ഇന്ന് കാണുന്ന കേരളത്തിന്റെ പലഭാഗങ്ങളും കടലിറങ്ങി കരയായതാണ് എന്ന വസ്തുതയും ഇതിനു ശക്തി പകർന്നു. ചരിത്ര പരമായി ഈ കഥകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല, പരശു രാമനും മുൻപ്‌ എന്ന് പറയാവുന്നതാണ് കേരള ചരിത്രം.


ആദിമ മതങ്ങൾ ദൈവങ്ങൾ
             നമ്മുടെ നാടായ കേരളത്തിൽ ആദിമ മനുഷ്യന്റെ  കുടിയേറ്റം എന്ന് തുടങ്ങി എന്നതിന് വ്യക്തമായ തെളിവ് ലഭ്യമല്ലെങ്കിലും,ക്രിസ്തു വർഷത്തിനും 10000 മുതൽ 30000 വർഷങ്ങൾക്ക് ഇടയിലുള്ള മീസോലിത്തിക് കാലഘട്ടത്തിൽ ഇവിടെ വാസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പല തെളിവുകളും മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാലക്കാടുള്ള കാഞ്ഞിര പുഴ എന്ന സ്ഥലത്തു നിന്നും ലഭിച്ച ആദിശിലാ യുഗത്തിന്റെ കാലപ്പഴക്കം ക്രിസ്തുവിനും മുൻപ് 50000 വർഷമാണ് കണക്കാക്കിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നും വന്ന ആദിമ മനുഷ്യരായ നീഗ്രോയ്ഡ് വർഗ്ഗത്തിൽ പെടുന്ന ഒരുപാട് ഗോത്ര വർഗ്ഗങ്ങൾ ഇന്നും വലിയ മാറ്റങ്ങളോ പരിണാമമോ വരാതെ ഇന്നും നിലനിൽക്കുന്നു. കേരളത്തിൽ ഉള്ള എല്ലാ ആദിവാസികളും ഇത്തരത്തിൽ പെട്ടവരാണ്
                     
                         പ്രാചീന ഗോത്രങ്ങളെക്കുറിച്ചും  മതങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ കിട്ടുന്ന തരത്തിൽ എഴുതപ്പെട്ട തെളിവുകൾ ഒന്നും ലഭ്യമല്ല, സംഘ കാലത്തിൽ എഴുതപ്പെട്ട സാഹിത്യ കൃതികളിലാണ് പല തരത്തിലുള്ള ഭൂവിഭാഗങ്ങളെക്കുറിച്ചും അവയിൽ ജീവിച്ചിരുന്ന വ്യത്യസ്ഥ ജാതിക്കാരായ മനുഷ്യരെക്കുറിച്ചും കൃത്യവും വ്യക്തവുമായ വിവരണങ്ങൾ ഉള്ളത്. പല ദൈവങ്ങളും പല തരം ആചാര അനുഷ്ടാനങ്ങളും നിലനിന്നിരുന്ന ആ കാലത്ത് മതം എന്ന വ്യക്തമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നില്ല. ദൈവങ്ങൾ ഉണ്ടെങ്കിലും ആരാധന ക്രമം ആചാരങ്ങൾ മുതലായ  വലിയ ചിട്ടവട്ടങ്ങൾ ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ ദൈവങ്ങൾ ഇവയായിരുന്നു.

മുരുകൻ
                       നായാടിയും വന വിഭവങ്ങൾ ശേഖരിച്ചും ജീവിച്ചിരുന്ന ഒരു പ്രമുഖ  വിഭാഗമാണ് കുറവർ , പ്രകൃതി  ശക്തികളെ ആരാധിച്ചിരുന്ന ഇവരുടെ ദൈവം സെയോൻ എന്നറിയപ്പെട്ടു മുരുകൻ എന്ന് വിളിച്ചിരുന്ന ദൈവവും ഇത് തന്നെയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ മുരുഗു  എന്ന പേരിൽ ഇന്നും ഒരു ദൈവത്തെ ആരാധിക്കുന്നുണ്ട്, ഇരുവർക്കും പൊതുവായ  പൂർവികർ  ഉള്ളതിനാലാവാം ഇത്തരത്തിൽ ഒരു സംബന്ധം  വന്നത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ചേര രാജവംശം കുറവ വംശത്തിൽ പെട്ടവർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.

കൊറ്റവൈ 
                പാല തിണ എന്നറിയപ്പെട്ട ഭൂവിഭാഗത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ മറവാൻ എന്നാണ് അറിയപ്പെട്ടിരുന്നത് വളരെയേറെ ക്രൗര്യതയും കൊള്ള അമിതമായ മദ്യ ഉപയോഗം എന്നിവ ഉണ്ടായിരുന്ന  ഇവരുടെ ദൈവമായിരുന്നു കൊറ്റവൈ,  കാളി ഇതിന്റെ കുറച്ചു കൂടി പരിഷ്കൃതമായ പതിപ്പാണ്. കൊടുങ്ങല്ലൂരിലെ ആദ്യ പ്രതിഷ്ഠ കൊറ്റവൈ ആയിരുന്നു.

മായോൻ
               മുല്ല തിറ  എന്നറിയപ്പെട്ടിരുന്ന തുറസ്സായ ഭൂവിഭാഗത്തിൽ ജീവിച്ചിരുന്ന ഇടയന്മാരായിരുന്ന ജനങളുടെ ദൈവമായിരുന്നു മായോൻ

വെന്തൻ
              ഏറ്റവും ഫലഭൂയിഷ്ഠമായ കൃഷി ഭൂമിയിൽ ജീവിച്ചിരുന്ന ദേഹാവരും വെള്ളാളരും ഉൾപ്പെടുന്ന ആളുകളുടെ കുല ദൈവമായിരുന്നു വെന്താൻ , കാലാന്തരത്തിൽ വെന്താൻ ഇന്ദ്രനായി പരിണമിച്ചു.

വരുണൻ 
               കടലിനോടു ചേർന്ന് ജീവിച്ചിരുന്ന പരവതർ  എന്നറിയപ്പെടുന്ന സാമ്പത്തികമായി മുന്നിട്ടു നിന്ന ജന വിഭാഗത്തിന്റെ ദൈവമായിരുന്നു ജലദേവൻ ഇത് പിന്നീട് വരുണൻ ആയി മാറി

ദൈവങ്ങളിൽ നിന്നും മതത്തിലേക്ക് 
              ഗോത്ര ദൈവങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും പൊതുവായി ഒരു മതം എന്ന രീതിയിൽ വന്നിരുന്നില്ല. പല ജാതിയിൽ പെട്ടിരുന്ന മനുഷ്യമനുഷ്യർ പരസ്പരം ബന്ധപ്പെട്ടിരുന്നെങ്കിലും മതം എന്ന രീതിയിൽ ഈ ദൈവങ്ങൾ ഒരു കുടക്കീഴിൽ വന്നിരുന്നില്ല, ആരാധന മനുഷ്യ സാമൂഹിക വളർച്ചക്കനുസരിച്ച് വിപുലമാകുകയും ഓരോ ജാതിയും അവരവരുടെ ദൈവങ്ങൾക്ക് വേണ്ടിയുള്ള  ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തു. ചെറിയ ചെറിയ നാട്ടു രാജ്യങ്ങളുടെ വളർച്ചയോടു കൂടി അവരുടെ ദൈവങ്ങൾ കൂടുതൽ ശക്തരാവുകയും വലിയ വലിയ ക്ഷേത്രങ്ങൾ അവർക്ക് വേണ്ടി പണി കഴിപ്പിക്കുകയും ചെയ്തു. മുരുകൻ, കാളി എന്നീ ദൈവങ്ങൾക്ക് ആണ് ഇതിൽ ഏറ്റവും അധികം വളർച്ചയുണ്ടായത്. ഓരോ ജാതിയും ഓരോ മതം എന്ന നിലയിൽ നിന്നും മതം എന്ന രീതിയിലേക്ക് വന്നത് ബ്രാഹ്മണ കുടിയേറ്റത്തോടെയാണ്.

ബുദ്ധ  മതം 
                  ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടോടെ ആണ് കേരളത്തിലേക്ക് ബുദ്ധമതം വന്നു ചേർന്നത്, അശോക ചക്രവർത്തി ദക്ഷിണേന്ത്യയിലേക്കും  ശ്രീലങ്കയിലേക്കും ബുദ്ധ മത പ്രചാരണത്തിനായി ബുദ്ധ ഭിക്ഷുക്കളെ അയച്ചിരുന്നു. ദ്രാവിഡ ഗോത്ര ദൈവങ്ങളിൽ വിശ്വസിച്ചിരുന്ന ചേര രാജാക്കന്മാർ ആണ് ബുദ്ധ മതത്തിനും അതിന്റെ പ്രചാരകർക്കും ആദ്യമായി അർഹമായ സ്ഥാനം നൽകിയത്, ആയുർവേദം, കൃഷി, കിണർ കുഴിക്കൽ, ആശുപത്രികൾ, കളരി എന്നിവയൊക്കെ ബുദ്ധ മതത്തിന്റെ സംഭാവനകളാണ്. മൃഗ ബലി, ദുർ മന്ത്രവാദം തുടങ്ങിയ ദുരാചാരങ്ങളെ തടയുകയും ധാരാളം പള്ളികൾ (ബുദ്ധ വിഹാരം ) ഇവർ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിവർത്തനം എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, ശബരിമല, അർത്തുങ്കൽ ഇരിങ്ങാലക്കുടതുടങ്ങി അനേകം ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധ ക്ഷേത്രങ്ങൾ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മണ്യ മതങ്ങളുടെ വരവോടു കൂടി ബുദ്ധമതത്തിനു സമൂഹത്തിൽ ഉണ്ടായിരുന്ന സ്വാധീനം കുറയുകയും ബുദ്ധ വിഹാരങ്ങൾ ക്ഷേത്രങ്ങൾ ആയി മാറുകയുംചെയ്തു. ബ്രാഹ്മണ്യ മേൽകോയ്മയെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബുദ്ധ മത വിശ്വാസികൾ ചാതുർ വർണ്യത്തിനും പുറത്തുള്ള അധസ്ഥിതരായും പരിണമിച്ചു.

ജൈന മതം 
                 ക്രി.മു മൂന്നാം നോറ്റാണ്ടോടു കൂടിയാണ് കേരളത്തിൽ ജൈന മതം എത്തിച്ചേർന്നത്, ധ്യാനത്തിന് പറ്റിയ സ്ഥലങ്ങൾ തേടിയെത്തിയ ജൈന സന്യാസിമാർ കേരളത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേർന്നു. ചിലപ്പതികാരം എഴുതിയ ഇളങ്കോഅടിയുടെ കാലത്ത് ജൈന മതം അതിന്റെ പാരമ്യത്തിൽ  എത്തിയിരുന്നു. ക്രി.മു എട്ടാം നൂറ്റാണ്ടോടു കൂടി ശൈവ വൈഷ്ണവ മതങ്ങളുടെ ആഭിർഭാവത്തോടു കൂടി ജൈന മതത്തിന്റെ ക്ഷയം ആരംഭിക്കുകയും പതിനാറാം നൂറ്റാണ്ടോടു കൂടി ജൈന മതം നാമാവശേഷം ആവുകയും ചെയ്തു.

മത പരിണാമം ബ്രാഹ്മണരുടെ വരവോടു കൂടി.

                  ചേര രാജാക്കന്മാർ ബുദ്ധ മത അനുയായികൾ ആയിരുന്നു, ഇന്ന് കേരളത്തിലെ ബ്രാഹ്മണർ നമ്പൂതിരി എന്നാണല്ലോ അറിയപ്പെടുന്നത്, എന്നാൽ ചേര രാജാവിന്റെ രാജ സഭയിലെ ഉപദേശക സ്ഥാനത്തുള്ള ബുദ്ധ മതാനുയായികൾക്ക് ആണ് നമ്പൂതിരി എന്ന പേരുണ്ടായിരുന്നത്. ബ്രാഹ്മണരുടെ  സ്വാധീനം സമൂഹത്തിൽ കൂടി  വരുകയും നമ്പൂതിരി സ്ഥാനം ബ്രാഹ്മണർ ഏറ്റെടുക്കുകയും ചെയ്തു. സമൂഹത്തെ ചാതുർ വർണ്യം അനുസരിച്ചു തിരിക്കുകയും ബ്രാഹ്മണർക്ക് ശേഷം വരുന്ന ക്ഷത്രിയ പദവി അന്നത്തെ രാജ പരമ്പരകൾക്ക് നൽകുകയും ചെയ്തു. ബ്രഹ്മണ്യത്തെ അംഗീകരിച്ച നായർ മുതലായ ജാതികൾക്ക് വൈശ്യ ശൂദ്ര പദവികൾ നൽകുകയും ബ്രഹ്മണ്യത്തെയും ആര്യ ദൈവങ്ങളെയും അംഗീകരിക്കാൻ തയ്യാറാകാത്ത ഈഴവർ മുതലായ ജാതികളെ ചാതുർ വർണ്യത്തിനും പുറത്തുള്ള അധഃസ്ഥിത വർഗമായി തരം താഴ്ത്തുകയും ചെയ്തു.
                ദ്രാവിഡ സ്വാധീനത്തിന്റെ ഫലമായി കേരളത്തിലെ ആരാധനാ രീതികളിൽ താന്ത്രിക സ്വാധീനം കൂടി വരികയും ചെയ്തു. ദ്രാവിഡ ഗോത്ര മതത്തിൽ പെട്ട പല ദൈവങ്ങളും  ബ്രാഹ്മണ  മതത്തിൽ ചേർക്കപ്പെട്ടു, ജാതിയിൽ താഴെ തട്ടിലുള്ളവരായി മാറിയ പുരാതന ഗോത്ര ജനങ്ങളുടെ ദൈവങ്ങളെ താഴേ തട്ടിലുള്ള അവർ മാത്രം ആരാധിക്കുകയും ആര്യ ബ്രാഹ്മണരുടെ ദൈവങ്ങൾ ആയ വിഷ്ണു, കൃഷ്ണൻ ദ്രാവിഡ ബ്രാഹ്മണരുടെ ദൈവമായ ശിവൻ എന്നിവരുടെ ധാരാളം ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്തു.

ദൈവ പരിണാമം 

കാളി , കൊറ്റവൈ, കൊറവൈ

കാളി എന്നത് വളരെ ദൗദ്രതയാർന്ന ദൈവമായിരുന്നു, മൃഗ ബലിയും മദ്യം മറ്റു അധമമായ ദ്രവ്യങ്ങളാൽ പൂജ ചെയ്തിരുന്ന കാളി ശക്തി അല്ലെങ്കിൽ പാർവതിയുടെ അംശാവതാരം എന്ന നിലയിലേക്ക് മാറ്റപ്പെടുകയും അധമമായ പൂജകളും മറ്റും മാറ്റപ്പെടുകയും ചെയ്തു.

ചാത്തൻ, കുട്ടി ചാത്തൻ 

ചാത്തന്മാരുടെ ആര്യ വത്ക്കരിച്ച രൂപമാണ് ശാസ്താവ്, ശാസ്താവ് ആരാണ് എന്നതിന് ഇന്നും ആരും കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. തരം  താഴ്ത്തപ്പെട്ട ശ്രീ ബുദ്ധൻ ആണ് ശാസ്താവ് എന്നതാണ് ഇതിൽ ബലമുള്ള ഒരു വാദം.

മുരുകൻ

തോൽക്കാപ്പിയത്തിലും മറ്റും സെയ്യവൻ എന്ന പേരിൽ അറിയപ്പെട്ട മുരുകൻ കാലാന്തരത്തിൽ തമിഴ് ദൈവമായി മാറുകയും, ബ്രാഹ്മണ സ്വാധീന ഫലമായി  ശിവ പുത്രനായ സുബ്രഹ്മണ്യൻ അല്ലെങ്കിൽ കാർത്തികേയൻ ആയി മാറുകയും ചെയ്തു.

വെന്തൻ

കാലാന്തരത്തിൽ വേന്തൻ ഇന്ദ്രനായി മാറുകയും കാല ക്രമേണ വേദത്തിലെ പ്രമുഖനായ ദേവൻ ഒട്ടും വിലയില്ലാത്ത തരത്തിൽ തരം താഴ്ത്തപ്പെടുകയും ചെയ്തു.

അയ്യൻ അയ്യനാർ അയ്യപ്പൻ 

അയ്യനും അയ്യനാരും, അയ്യനാർക്ക് കേരളത്തിൽ വലിയ സ്വാധീനം ഇല്ലെങ്കിലും അയ്യപ്പൻ കേരളത്തിൽ വലിയ സ്വാധീനം ഉള്ള ദൈവമാണ്. കാവൽ ദൈവങ്ങൾ എന്നറിയപ്പെടുന്ന ഈ ദൈവങ്ങൾ ശാസ്താവിന്റെ അംശാവതാരം എന്ന് വിശ്വസിക്കപ്പെടുന്നു.



No comments:

Post a Comment