ലഭ്യമായ തെളിവുകൾ പ്രകാരം നമ്മളുടെ ചരിത്ര പുസ്തകങ്ങളിൽ നാം പഠിച്ചത് ലോകത്തിലെ ആദ്യത്തെ നഗരം മെസപോട്ടമിയിയിലെ ഉർ ആണെന്നാണ്, എന്നാൽ ഉർ അല്ല ആദ്യത്തെ നഗരം എന്ന് എത്ര പേർക്ക് അറിയാം, ആ നഗരത്തിന്റെ പേര് ഉറുക്ക് എന്നാണ്. ഉർ എന്നതിനെ ഇത്രയധികം ഉയർത്തി കാണിക്കുന്നതിന് കാരണം ആ നഗരം പ്രവാചകൻ അബ്രാഹാമിനെ ജന്മ സ്ഥലം എന്ന പേരിൽ പ്രശസ്തം ആയതു കൊണ്ടാണ്, എന്നാൽ ഉർ എന്ന വാക്കിനു നഗരം എന്ന് മാത്രമേ അർഥം ഉള്ളൂ, അത് ഏത് നഗരവും ആവാം. വിശ്വാസങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നത് ചരിത്രത്തിന്റെ പിന്ബലത്തിലല്ല അത് കൊണ്ട് തന്നെ വിശ്വാസങ്ങളെ പിന്താങ്ങുക എന്നത് ചരിത്രത്തിന്റെ ബാധ്യതയുമല്ല എങ്കിലും ചരിത്രത്തെ വിശ്വാസവുമായി കൂട്ടിക്കുഴക്കുമ്പോഴാണ് വിശ്വാസ്യത ഏറുക.
എല്ലാ പൗരാണിക സംസ്കാരത്തിന്റെയും കളിത്തൊട്ടിൽ എന്ന് അറിയപ്പെടുന്നത് മെസപൊട്ടമിയ ആണ് ഇന്നത്തെ ഇറാഖിൽ ടൈഗ്രിസ് യൂഫ്രട്ടീസ് നദികൾക്ക് ഇടയിലായിരുന്നു ഈ പറയപ്പെടുന്ന ഭൂ വിഭാഗം നിലനിന്നിരുന്നത്. എല്ലാ അബ്റാഹാമിക് മതങ്ങളുടെയും വേരുകൾ ഈ മണ്ണിലേക്കാണു നീളുന്നത്.
ക്രിസ്തുവിനും 4000 വർഷങ്ങൾക്ക് മുൻപ് നായാടി ജീവിച്ചിരുന്ന ഒരു ജാതി ജനങ്ങൾ ഇവിടെ വസിച്ചിരുന്നു ഉബൈദ് ജനവിഭാഗം എന്നാണ് ഇവർ അറിയപ്പെടുന്നത്, സുമേറിയാക്കരുടെ മുന്പുള്ളവരായിരുന്നു ഇവർ. ഉത്ഖനനത്തിൽ നിന്നും ഇവരുടെ കൽ മഴുവും കളിമൺ പാത്രങ്ങളും എല്ലാം കണ്ടെടുത്തിട്ടുണ്ട്.
സുമേറിയൻ ജന വിഭാഗം എവിടെ നിന്ന് വന്നവരാണ് എന്ന് ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല, ബി.സി 3600 ഓട് കൂടിയാണ് സുമേറിയാക്കരുടെ ചരിത്രം ആരംഭിക്കുന്നത്. എറിദ്, ഉറുക്ക്, ഉർ, ലാസ, ഇസിൻ, അബാദ് എന്നിവ അവരുടെ പ്രമുഖ നഗരങ്ങൾ ആയിരുന്നു ഈ പേരുകൾ ഉബൈദ് ജനങ്ങൾ നൽകിയ പേരുകൾ ആയിരുന്നു,സുമേറിയക്കാർ ആ പേരുകൾ അങ്ങനെ തന്നെ നിലനിർത്തി. ഇതിൽ ഏറ്റവും പഴക്കം ചെന്നത് ഉറുക്ക് നഗരം ആയിരുന്നു.
ബി.സി 2900-2334 ഓട് കൂടി പുരോഹിത രാജ ഭരണം ഇവർക്കിടയിൽ നിലവിൽ വന്നു, അരകേഡിയൻ എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.
വിശ്വാസം.... മതം
കൃഷി, മൽസ്യ ബന്ധനം, വ്യവസായം എന്ന് വേണ്ട എല്ലാ മേഖലയിലും പ്രാവീണ്യം ഉള്ളവരായിരുന്നു സുമേറിയക്കാർ എന്നാൽ യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളിൽ അടിക്കടിയുണ്ടാകുന്ന അകാരണമായ വെള്ളപ്പൊക്കം വലിയ കഷ്ട നഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നു, ഇത് ദൈവ കോപം ആണെന്നും അതിനു പരിഹാരം ആയി വലിയ ആരാധനാലയങ്ങൾ സൃഷ്ടിച്ചു അവർക്ക് ബലിയും പൂജയും നടത്തണം എന്ന് സുമേറിയക്കാർ വിശ്വസിച്ചു തൽഫലം ആയി ഓരോരോ നഗരങ്ങളിലും വലിയ വലിയ ആരാധാനങ്ങൾ അവർ സൃഷ്ടിച്ചു, കൂടാതെ ചെറിയ ഉപദേവതകൾക്ക് ആയി നഗരങ്ങളിൽ ഉടനീളം ചെറിയ ചെറിയ ആരാധാനാലായങ്ങളും അവർ സൃഷ്ടിച്ചു. സുമേറിയക്കരുടെ പിന്മുറക്കാരായ ബാബിലോണിയായിൽ ആകാശം മുട്ടുന്ന ഗോപുരങ്ങൾ തങ്ങളുടെ ദൈവങ്ങൾക്കായി പണി കഴിപ്പിച്ചതും അബ്രാഹാമിന്റെ ദൈവം അത് തകർക്കുന്നതും ബൈബിളിലെ ഉല്പത്തിയുടെ പുസ്തകത്തിൽ നമുക്ക് കാണാം. ദൈവങ്ങൾ മനുഷ്യരെ നശിപ്പിക്കാൻ തീരുമാനിക്കുകയും തൽഫലമായി സൃഷ്ടിക്കുന്ന പ്രളയത്തെയും അതിൽ നിന്നും മനുഷ്യരെ അത്രഹസിസ് എന്ന ആൾ രക്ഷിക്കുകയും ചെയ്യുന്ന കഥ എപിക് ഓഫ് ഗിൽജിമേഷ് എന്ന കഥയിൽ നമുക്ക് കാണാം.
പ്രപഞ്ച സൃഷ്ടി, സുമേറിയാക്കരുടെ ചരിത്ര പ്രകാരം.
ആദിയിൽ ദൈവങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവർക്ക് പേരുകൾ ഉണ്ടായിരുന്നില്ല, പ്രപഞ്ചത്തിലെ ഖരാവസ്ഥയിലുള്ള ഭാഗത്തെ ചുറ്റി ഉപ്പു വെള്ളം നിറഞ്ഞ സമുദ്രം നിലനിന്നിരുന്നു. ഭൂമിയുടെ അടിയിൽ ശുദ്ധ ജലവും പതാളവും നിലനിന്നിരുന്നു. ശുദ്ധ ജലം നിറഞ്ഞ സമുദ്രത്തിന്റെ ദേവൻ അസ്‌പു എന്നറിയപ്പെട്ടു. വായു അൻ എന്നറിയപ്പെട്ടു ഭൂമി ദേവതയുടെ പേര് കി എന്നായിരുന്നു. പാതാളം കിഗാൽ എന്നും ഉപ്പു സമുദ്രം നമ്മു എന്നും അറിയപ്പെട്ടിരുന്നു. അൻ കി എന്നിവരുടെ പുത്രനാണ് എൽനിൽ. എൽനിൽ നിന്ലിൽ എന്നിവരുടെ പുത്രനാണ് നന്ന എന്ന ചന്ദ്രൻ. നന്നക്ക് നിൻഗാലിൽ ഉണ്ടായ പുത്രനാണ് ഉറ്റു എന്ന സൂര്യൻ.
മനുഷ്യ സൃഷ്ടി
ഒരു കാലത്തു മനുഷ്യ രൂപത്തിലുള്ള ദേവന്മാർ ഭൂമി ഭരിച്ചിരുന്നെന്നും നെബുരു എന്ന ഏതോ ഗ്രഹത്തിൽ നിന്നാണ് ഇവർ ഇവിടെ വന്നത് എന്നും ഖനികളിൽ നിന്നും സ്വർണ്ണം കുഴിച്ചെടുത്തിരുന്നു എന്നും പറയപ്പെടുന്നു. ഈ ജോലി കഷ്ടമായിരുന്നതിനാൽ ജോലി ചെയ്യുന്നതിനായി അടിമകൾ എന്ന രീതിയിലാണ് മനുഷ്യരെ സൃഷ്ടിച്ചത്.
ദേവേന്ദ്രനായ അനു തന്റെ മകനായ എന്കിക്ക് മനുഷ്യനെ സൃഷ്ടിക്കാൻ നിർദേശം നൽകി. എന്കി തന്റെ അർദ്ധ സഹോദരി ആയ നിൻകിയെയും കൂട്ടി സൃഷ്ടി കർമ്മം നടത്താൻ തയ്യാറായി, അവർ ഒരു ദേവനെ കൊല ചെയ്യുകയും അയാളുടെ രക്തവുംമാസവും കളിമണ്ണും കൂട്ടി ചേർത്തു ദേവന്മാരുടെ രൂപത്തിൽ ആദ്യ മനുഷ്യനെ സൃഷ്ടിച്ചു, അദാപ്പ എന്നായിരുന്നു ആദ്യ മനുഷ്യനെ നാമം.
മനുഷ്യ സൃഷ്ടി നടത്തിയത് ദേവന്മാരുടെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു, ഈ സ്ഥലം ഏദൻ എന്നാണ് അറിയപ്പെട്ടിരുന്നത്, യൂഫ്രട്ടീസ് ടൈഗ്രിസ് നദികൾക്ക് ഇടയിലാണ് ഈ സ്ഥലം എന്ന് ഗിൽജിമെഷിന്റെ ചരിത്രത്തിൽ കാണാവുന്നതാണ്.
ആദിമ മനുഷ്യന് പ്രത്യുത്പാദന ശേഷി ഉണ്ടായിരുന്നില്ല, എന്നാൽ എന്കിയും നിൻകിയും ചേർന്ന് മനുഷ്യന് പ്രത്യുത്പാദന ശേഷി നൽകാൻ തീരുമാനിച്ചു എന്നാൽ എന്കിയുടെ സഹോദരനായ എൽനിന് ഇതിൽ എതിർപ്പ് ഉണ്ടായിരുന്നു. എൽനിന്റെ എതിർപ്പ് അവഗണിച്ചു കൊണ്ട് എന്കി മനുഷ്യർക്ക് പ്രത്യുത്പാദന ശേഷി നൽകി, ഇതിനെ തുടർന്ന് ദേവന്മാർക്ക് ഇടയിൽ ഇത് ഒരു തർക്ക കാരണം ആയി മാറുകയും ചെയ്തു. അനു അദാപ്പയെ തന്റെ മുന്നിൽ ഹാജരാക്കാൻ എന്കിയോട് ആജ്ഞാപിച്ചു, അനു ദേവന്മാരുടെ ഭക്ഷണം അദാപ്പക്ക് നൽകാൻ സാധ്യത ഉണ്ടെന്നും
അത് കഴിച്ചാൽ അദാപ്പ മരണപ്പെടും എന്നും മുന്നറിയിപ്പ് നൽകി കൊണ്ട് എന്കി അദാപ്പയെ അനുവിന് മുന്നിൽ ഹാജരാക്കി.എന്കി പറഞ്ഞ പോലെ അനു അദാപ്പക്ക് ഭക്ഷണം നൽകി എന്നാൽ എന്കിയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ അദാപ്പ അത് കഴിക്കാൻ കൂട്ടാക്കിയില്ല, താൻ നൽകിയത് അമരത്വം കിട്ടാൻ കാരണം ആകുന്ന ഭക്ഷണം ആയിരുന്നു എന്നും അത് തിരസ്കരിച്ചതിലൂടെ തന്റെ പരീക്ഷയിൽ അദാപ്പ പരാജിതൻ ആയെന്നും പറഞ്ഞു അദാപ്പയെ ഏദനിൽ നിന്നും പുറത്താക്കി. തുടർന്നും മനുഷ്യർ തങ്ങളുടെ കടമ തുടർന്നുകൊണ്ടേയിരുന്നു. കാലക്രമത്തിൽ മനുഷ്യരുടെ എണ്ണം ദേവന്മാർക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അധികം വർദ്ധിക്കുകയും ദേവന്മാർ മനുഷ്യരുടെ അടിമത്വം അവസാനിപ്പിച്ചു സ്വാതന്ത്രരാക്കി അവരുടെ ഗ്രഹത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
ഈ പരമ്പരയിൽ നിന്നും ഉണ്ടായവരാണ് തങ്ങൾ എന്ന് സുമേറിയക്കാർ വിശ്വസിക്കുന്നു അത് കൊണ്ട് തന്നെ അവർ എന്നും ദൈവങ്ങളോടുള്ള വിധേയത്വവും കടമയും നിർവഹിച്ചു കൊണ്ട് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.
ബാബിലോണിയ
സുമേറിയക്കാരുടെ വിശ്വാസങ്ങളും ആചാരങ്ങളും ബാബിലോണിയാക്കാർ പിന്തുടർന്നിരുന്നു. ഓരോ ഗ്രാമങ്ങൾക്കും ഓരോ ദേവന്മാർ എന്ന രീതിയിൽ അനേകം ദേവന്മാരുടെ ദേവാലയങ്ങൾ ഇവർ പടുത്തുയർത്തി.
പുരോഹിത വർഗ്ഗം എന്ന് മാത്രമുള്ള തിരിവിൽ നിന്നും ജനങ്ങളെ പല തട്ടുകൾ ആയി തരം തിരിച്ചിരുന്നു. വളരെ വിസ്തൃതമായ രാജ്യമായും അനേകം ശക്തരായ രാജാക്കന്മാരാലും ബാബിലോണിയ പ്രശസ്തി ആർജ്ജിച്ചു.
ഭയത്തിൽ നിന്നുമാണ് സുമേറിയൻ ദൈവങ്ങളുടെ ഉത്ഭവം എന്ന് നമുക്ക് കാണാം എന്നാൽ ഈ കഥകളും പുരാണങ്ങളും ഒക്കെ ആരു സൃഷ്ടിച്ചു എന്നോ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കഥകൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത് എന്നും ആർക്കും വ്യക്തമായ ഉത്തരം ഇല്ല.
ഒരു കാര്യം വളരെ വ്യക്തമാണ് ഇതിനു ശേഷം വന്ന ഓരോ മതത്തിലും ഈ വിശ്വാസങ്ങളുടെ സ്വാധീനം വളരെ വ്യക്തം ആണ്. അബ്റാഹാമിക് മതങ്ങൾ പറയുന്ന പോലെ ഏക ദൈവ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചവരാണ് ബഹു ദൈവ വിശ്വാസികൾ എല്ലാം എന്നും അതിനാലാണ് അവരുടെ പുരാണങ്ങൾക്കും അബ്റാഹാമിക് മതങ്ങളുടെ പുരാണങ്ങളുമായും സാമ്യം തോന്നുന്നത് എന്നും വേണമെങ്കിൽ പ്രതിരോധിക്കാൻ ആയി പറയാം എങ്കിലും അത് സത്യമല്ല എന്നത് ആണ് ചരിത്ര പരമായ വസ്തുത. അബ്രഹാം എന്ന വ്യക്തി ആരായിരുന്നു എന്നോ അദ്ദേഹത്തിന്റെ കാലഘട്ടം ഏതു എന്നോ കൃത്യമായ ഉത്തരം നൽകാൻ പഴയ നിയമം ബൈബിളിന് കഴിയില്ല, ഉർ നിലനിന്നിരുന്ന കാലം അന്നത്തെ ഈജിപ്തിലെ ഭരണ രീതി എന്നിവയിൽ നിന്നൊക്കെയാണ് അദ്ദേഹത്തിന്റെ കാലഘട്ടം അനുമാനിച്ചിരിക്കുന്നത്. ബഹു ദൈവ വിശ്വാസവും വിഗ്രഹാരാധനയും നിലനിന്നിരുന്ന കാലത്ത് ആണ് അബ്രഹാം ഏക ദൈവ വിശ്വാസത്തിന്റെ പേരിൽ നാട് വിട്ടു യാത്ര ആരംഭിക്കുന്നത്. അബ്രാഹാമിന്റെ പിതാവായ തെരഹ് ഒരു ബഹു ദൈവ വിശ്വാസിയും ഒരു പുരോഹിതനും ആയിരുന്നു എന്ന് നമുക്ക് കാണാവുന്നതാണ്. ബൈബിൾ എന്നാണു എഴുതിയത് എന്ന് കൃത്യമായി അറിയില്ലെങ്കിലും, ഹീബ്രു ഭാഷയിൽ എഴുതപ്പെട്ട ഈ മത ഗ്രൻഥത്തിൽ സുമേറിയക്കാരുടെ വിശ്വാസ രീതികളുടെ വളരെയേറെ സ്വാധീനം കാണാവുന്നതാണ്.
ആദിയിൽ വചനം ഉണ്ടായി എന്നും വചനം ദൈവമായിരുന്നു എന്നും പറയുന്നത് കൃത്യമായി സുമേറിയൻ സ്വാധീനം ആണ്. ആദിമ മനുഷ്യനായ ആദത്തിന്റെ സൃഷ്ടിയും, ചെകുത്താന്റെ പരീക്ഷണവും ഏദനിൽ നിന്നുള്ള പുറത്താക്കളുമെല്ലാം സുമേറിയൻ വിശ്വാസങ്ങളിൽ നിന്നും രൂപപ്പെട്ടതാണ്. അബ്രാഹാമിക്ക് മത വിശ്വാസികൾക്ക് മാത്രമാണ് തങ്ങളുടെ മതം മനുഷ്യന്റെ സൃഷ്ടി മുതൽ ഉള്ളതാണ് എന്ന് പറയാൻ കഴിയുക, ചരിത്രപരമായി പരിശോധിച്ചാൽ ബഹു ദൈവ ആരാധനയിൽ നിന്നും ഏക ദൈവ ആരാധനായിലേക്കുള്ള ഒരു മാറ്റത്തിന്റെ തുടക്കം മാത്രമാണ് അബ്രാമിലൂടെ തുടങ്ങുന്നത് എങ്കിലും തങ്ങളുടെ മത ഗ്രന്ഥങ്ങൾ സൃഷ്ടിക്കുമ്പോൾ പഴയ മതങ്ങളുടെ ഒരു നവീകരിച്ച പതിപ്പ് മാത്രമാവുകയാണ് ഇവിടെ ചെയ്യുന്നത്. അബ്രാഹാമിക്ക് മതങ്ങളുടെ അടിസ്ഥാന ശിലകൾ പഴയ സുമേറിയൻ മതം തന്നെയാണ്.
No comments:
Post a Comment