Tuesday, 27 March 2018

ആര്യന്മാർ

1848 ൽ ജർമ്മൻ പൗരനും ഇംഗ്ലീഷ് സ്‌കോളറും ആയിരുന്ന മാക്സ് മുള്ളർ അന്ന് വരെ യൂറോപ്പിൽ ഉള്ളവർക്ക് പരിചയം ഇല്ലാതിരുന്ന ഒരു വാക്ക് അവരെ പരിചയപ്പെടുത്തി ആര്യൻ വംശം.  വേദങ്ങളെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെൻറ് നിയോഗിച്ച ഭാഷ പണ്ഡിതൻ ആയിരുന്നു മാക്സ് മുള്ളർ. സംസ്‌കൃത ഭാഷക്ക് യൂറോപ്യൻ ഭാഷകളുമായുള്ള സാമ്യം ഈ രണ്ടു ഭാഷകൾക്കും പൊതുവായി ഒരു പൂർവിക ഭാഷ ഉണ്ടെന്നും ആ ഭാഷ സംസാരിച്ചിരുന്ന ഒരു പ്രത്യേക വർഗ്ഗം ആളുകൾ ഉണ്ടായിരുന്നു എന്നും അവരാണ് ആര്യന്മാർ എന്നും ഈ ആര്യന്മാരുടെ പിൻതലമുറ ഇന്ത്യയിലെ തദ്ദേശീയരോട് കൂടിചേർന്നാണ് ഇന്നത്തെ ഇന്ത്യക്കാർ ആയി മാറിയതും എന്ന് ആര്യൻ ഇൻവേഷൻ തിയറിയുടെ അദ്ദേഹം സമർത്ഥിച്ചു. വെളുത്ത നിറവും നീല കണ്ണുകളും ചെമ്പൻ മുടികളുമുള്ള ആര്യന്മാർ വളരെ കുലീനരും ശക്തരും ബുദ്ധിശാലികളും ആയിരുന്നുവെന്നും അവർ യൂറോപ്പിലാകമാനം കുടിയേറ്റം നടത്തുകയും അവരുടെ പിൻതലമുറ ആണ് ഇന്ന് കാണുന്ന വെളുത്ത തൊലിയോട് കൂടിയ മനുഷ്യർ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സംബന്ധിച്ചു അവരുടെ കോളനി വാഴ്ചയെ ന്യായീകരിക്കാൻ അവർക്ക് കിട്ടിയ ഏറ്റവും നല്ല ആയുധം ആയിരുന്നു ആര്യൻ അധിനിവേശ സിദ്ധാന്തം. ഒരിക്കൽ ഇന്ത്യയെ തങ്ങളുടെ അധിനിവേശത്തിലൂടെ പുരോഗതിയിലേക്ക് നയിച്ച ആര്യന്മാരുടെ രണ്ടാമത്തെ അധിനിവേശമാണ് തങ്ങളുടേത് എന്നവർ പ്രഖ്യാപിച്ചു. ജാതിയും തിരിവും  അനാചാരങ്ങളും കൊണ്ട് ആകെ ദുഷിച്ച അവസ്ഥയിൽ നിൽക്കുന്ന ഒരു രാജ്യത്തെ നന്നാക്കിയെടുക്കുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് അവർ പ്രഖ്യാപിച്ചു. സമ്പന്നമായ ഒരു രാജ്യത്തെ നൂറ്റാണ്ടുകളോളം തങ്ങളുടെ അധീനതയിൽ നിർത്തി കൊള്ളയടിക്കുന്നതിനു മാക്സ് മുള്ളറിന്റെ ഈ സിദ്ധാന്തം വളരെ ഏറെ ബ്രിട്ടീഷുകാരെ സഹായിച്ചു. ദക്ഷിണേന്ത്യയിലെ കറുത്ത നിറമുള്ള മനുഷ്യർ ദ്രാവിഡർ ആണ് യഥാർത്ഥ ഇന്ത്യക്കാർ എന്നും വടക്കേ ഇന്ത്യയിലെ വെളുത്ത നിറമുള്ള മനുഷ്യർ ആര്യന്മാരാണ് എന്നുമുള്ള ഒരു പ്രഖ്യാപനത്തിലൂടെ ഒരു നാട്ടിലെ മനുഷ്യരുടെ മനസ്സുകളിൽ വിഷം കുത്തിവെക്കുകയും  ഒരിക്കലും തമ്മിൽ ഒറ്റക്കെട്ടായി തങ്ങൾക്ക് നേരെ തിരിയാതിരിക്കുന്നതിനും ഈ സിദ്ധാന്തം അവരെ വളരെ സഹായിച്ചു.

ജൂത വിരോധവും ആര്യ വംശവും 

യേശുവിന്റെ മരണ ശേഷം ജൂതന്മാരാണ് യേശുവിന്റെ മരണത്തിനു ഏക ഉത്തരവാദികൾ എന്ന ചിന്തയിൽ നിന്നാണ് തീവ്ര ക്രിസ്ത്യൻ ചിന്തകൾ ഉടലെടുക്കുന്നത്. തീവ്ര ജൂത വിരോധം റോമൻ സാമ്രാജിത്വമാണ് യഥാർത്ഥത്തിൽ യേശുവിന് കുരിശു മരണം നലകിയത്   എന്ന വസ്തുത മനഃപൂർവം തിരസ്കരിച്ചു. മെസപ്പൊട്ടാമിയയിലെ സിനഗോഗ് റോമാ ചക്രവർത്തി തിയോഡോഷ്യസിന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട്  തകർക്കുക വഴി ലോകത്താകമാനം ജൂതന്മാർക്ക് എതിരെയുള്ള അക്രമങ്ങളുടെ ആരംഭിക്കുകയായിരുന്നു.യൂറോപ്പിൽ ആകമാനം ഉടലെടുത്ത ആന്റി സെമിറ്റിക് ചിന്തകൾക് വളമേകുന്ന ഒരു ആശയം ആയിരുന്നു ആര്യൻ  വംശീയ വാദം. തങ്ങളുടെ  യഹൂദ പാരമ്പര്യത്തിൽനിന്ന് മോചനം നേടാൻ ക്രിസ്തീയ യൂറോപ്പിലെ ബുദ്ധിജീവികൾ നോക്കിയത്  കിഴക്കോട്ട് ഏഷ്യയിലേക്ക്  ആയിരുന്നു. അവിടെ അവർ രണ്ട് പുരാതന നാഗരികതകൾ കണ്ടു ഇന്ത്യയും ചൈനയും. ഭാഷാപരമായി കൂടുതൽ സാമ്യം പുലർത്തുന്ന ഇന്ത്യൻ പൗരന്മാരുടെ  പൂർവികരാണ് ആര്യന്മാർ എന്ന അനുമാനത്തിൽ അവർ എത്തിച്ചേർന്നു.കാന്റ് ഹെർഡർ പോലുള്ള പുരാതന പണ്ഡിതർ പുരാതന ഇന്ത്യയുടേയും പടിഞ്ഞാറിന്റേയും  കഥകളും  തത്ത്വചിന്തകളും തമ്മിലുള്ള സമാനതകൾ കണ്ടെത്തി. ജൂത പാരമ്പര്യത്തിൽ നിന്ന് പാശ്ചാത്യ യൂറോപ്യൻ സംസ്കാരത്തെ വേർപെടുത്താൻ അവർ ശ്രമിച്ചപ്പോൾ, പുരാതന നാഗരികതയുടെ ഉത്ഭവം ഇന്ത്യയിലാണെന്ന് ബോധ്യപ്പെട്ടു അംഗീകരിക്കാൻ തയ്യാറായി. എന്നാൽ ഈ ആര്യൻ വംശത്തിൽ മുഴുവൻ ജനങ്ങളെയും ഉൾപ്പെടുത്താൻ അവർ തയ്യാറില്ല, ഏഷ്യയിലെ പർവതങ്ങളിൽ നിന്ന് വന്ന ഒരു വെളുത്ത വംശത്തിൽ പെട്ട അവർ കാലാന്തരത്തിൽ  ക്രൈസ്തവർ ആയിത്തീർന്നു. "ഗംഗാ നദീതീരങ്ങളിൽ നിന്ന് എല്ലാം നമ്മോട് വന്നുചേർന്നവയാണ്  ജ്യോതിശാസ്ത്രം, ജ്യോതിഷം, മെറ്റമിസൈക്കോസിസ് മുതലായവ" എന്ന് വോൾട്ടയർ വാദിച്ചിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വംശ സിദ്ധാന്തങ്ങളുട സ്വാധീനം വളരെ വലുതായിരുന്നു. കണ്ണ് നിറം, മൂക്കിന്റെ ദൈർഘ്യം, അത്തരം ശാരീരികഗുണങ്ങളുടെ അളവുകൾ എന്നിവ അടിസ്ഥാനമാക്കി മനുഷ്യ ഗുണങ്ങൾ പ്രവചിക്കാമെന്നു പല വിദ്യാസമ്പന്നരും വിശ്വസിച്ചു. ഈ സിദ്ധാന്തം അനുസരിച്ചു  നേതാക്കന്മാർ അല്ലെങ്കിൽ ജേതാക്കൾ, സൗന്ദര്യമുള്ളവർ, പൊക്കമുള്ളവർ  ഡോളിക്കോസെഫലിക്, ലെപ്റ്റ്രോസ്കോപ്പുകൾ എന്നിങ്ങനെ അറിയപ്പെട്ടു. എന്നാൽ സാധാരണ ജനങ്ങളുടെ കൂട്ടം ഉയരം കുറഞ്ഞവരായിരുന്നു  ബ്രാസിസെഫലിക് ചീമമോഫോസ്പോപ്പുകൾ  എന്നറിയപ്പെട്ടു. ബ്രാസിസെഫലിക്കുകൾ  എല്ലായ്പ്പോഴും അടിച്ചമർത്തപ്പെട്ടിരുന്നു. ഡോളിക്ക്സെസെഫിളിക്കുകളുടെ ഇരകളായിരുന്നു അവർ.കാലാന്തരത്തിൽ പോരാളികൾ വ്യാപാരികളായും  വ്യാവസായിക തൊഴിലാളികളായും  മാറി.അതോടെ ബ്രോക്കിസെഫലിസിൻറെ എണ്ണം വർദ്ധിച്ചു, അതേസമയം ഡോളിക്കോഫ്ഫെലിക്സ് സ്വാഭാവികമായി കുറഞ്ഞുവന്നു. ഇന്ന് വായിക്കുമ്പോൾ തമാശ ആയി തോന്നാമെങ്കിലും ആ കാലഘട്ടത്തിൽ വളരെയേറെ ചർച്ചകൾ നടന്നിരുന്ന ഒരു ആശയമായിരുന്നു ഇത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കഷ്ണങ്ങൾ ആയി നിലനിന്ന ജർമ്മൻ ജനങ്ങളിൽ ദേശീയത എന്ന ആശയം ഉണ്ടാക്കുന്നതിൽ ഇന്ത്യൻ തത്വചിന്തകൾ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്.ഹെമ്പോൾട്ട് ഫ്രെഡറിക് വോൺ ഷ്ലീഗൽ വിൽഹെം വോൺ ഷ്ലീഗൽഷോപ്പൻ ഹൌർഹേഗൽ എന്നിവരെ ഇന്ത്യൻ തത്വ ചിന്തകൾ സ്വാധീനിച്ചിരുന്നു. അക്കാലത്തെ ഏറ്റവും മഹാനായ ദാർശനികനായ ഹെഗലിനും  ജർമൻ ദേശീയതയിൽ വലിയ സ്വാധീനവും ഉണ്ടായിരുന്നു. തത്ത്വചിന്തയിലും സാഹിത്യത്തിലും ജർമ്മനി ഇന്ത്യൻ ചിന്തകരുടെ  ശിഷ്യന്മാരാണെന്ന പ്രഖ്യാപനം പോലുമുണ്ടായി. 1827-ൽ ഹംബോൾട്ട് ഇങ്ങനെ പ്രഖ്യാപിച്ചു: "ഭഗവദ്ഗീത ലോകത്തിലെ ഏറ്റവും ഉന്നതമായതും ഏറ്റവും ആഴമുള്ളതും ആയ ഗ്രാൻഥം ആയിരിക്കും.
 
മാക്സ് മുള്ളറിന്റെ  ആര്യൻ വാദം ഏറ്റവും അധികം സഹായിച്ചത് ഹിറ്റ്ലറിനെയാണ്‌, വംശീയ വാദവും ദേശീയ വാദവും സംന്യയിപ്പിച്ച നാസി പാർട്ടിയുടെ ജർമനിയുടെ ഏകീകരണത്തിനും ജൂതന്മാർക്ക് എതിരെയുള്ള കൊടും ക്രൂരതക്കും ആര്യൻ വംശീയ വാദം വഴി തെളിച്ചു.

മെൽകിസെദെക്



  പഴയ നിയമം ബൈബിൾ വായിക്കുമ്പോൾ ആണ് ഈ പേര് ആദ്യമായി കടന്നു വരുന്നത്. തൻറെ  അർദ്ധ സഹോദരനായ ലോത്തിനെയും അവയുടെ സമ്പത്തിനെയും യുദ്ധാനന്തരം തട്ടിക്കൊണ്ടു പോയതായി അറിഞ്ഞ അബ്രഹാം തന്റെ ആളുകളുമായി ചെന്ന് യുദ്ധം ചെയ്യുകയും ലോത്തിനേയും അയാളുടെ സമ്പത്തിനെയും വീണ്ടെടുക്കുകയും തിരിച്ചു വരുന്ന വഴിയിൽ സേലം  രാജാവായിരുന്ന മെൽക്കിസെദെക് അബ്രഹാമിനും ആളുകൾക്കും തിന്നാനുള്ള അപ്പവും വീഞ്ഞുമായി അവിടെ എത്തിച്ചേരുകയും എബ്രഹാം അദ്ദേഹത്തെ താഴ്ന്നു വണങ്ങുകയും തന്റെ സമ്പത്തിന്റെ പത്തിൽ ഒരു ഭാഗം അദ്ദേഹത്തിന് നൽകുകയും ചെയ്തു. (ഉല്പത്തി 14:18 )മെൽക്കിസെദെക്കിനെ പറ്റി പറയുന്നത് അദ്ദേഹം സേലം എന്ന ദേശത്തിലെ രാജാവും ദൈവത്തിന്റെ ഏറ്റവും ഉയർന്ന പുരോഹിതനും ആയിരുന്നുവെന്നാണ്.

അബ്രഹാം ഉർ എന്ന നഗരത്തിൽ നിന്നും തൻറെ പിതാവായ തേരഹിനെയും മറ്റും ഉപേക്ഷിച്ചു പോകാൻ ദൈവം പറയാനുള്ള കാരണം അവിടെയുള്ളവർ ബഹു ദൈവ വിശ്വാസികളും വിഗ്രഹാരാധകരും ആയതിനാൽ ദൈവത്തിന്റെ വെറുപ്പിന് പാത്രം  ആയി മാറുകയും അബ്രഹാമിലൂടെ തന്നെ മാത്രം ആരാധിക്കുന്ന ഒരു ജനതയെ നിർമിച്ചെടുക്കുന്നതിനും അവർക്ക് കാണാൻ ദേശം നല്കുന്നതിനുമായാണ് അബ്രഹാമിനോട് യാത്ര ആരംഭിക്കാൻ ദൈവം കൽപ്പിക്കുന്നത്. എന്നാൽ എബ്രഹാം മാത്രമല്ല ഏക ദൈവ വിശ്വാസി ആയി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് എന്നതിന് തെളിവ് ആണ് മെൽക്കിസെദെക്.ഏത് ദൈവവമാണോ അബ്രഹാമിനെ തിരഞ്ഞെടുത്തത് അതേ ദൈവത്തിന്റെ (എൽ എല്യോം) ഏറ്റവും വലിയ പുരോഹിതൻ ആയിരുന്നു മെൽക്കിസെദെക് അതുകൊണ്ടാണ് അബ്രഹാമിന് അദ്ദേഹത്തെ വണങ്ങേണ്ടി വന്നത്, അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങേണ്ടി വന്നത്.



ആരായിരുന്നിരിക്കാം ഈ മെൽക്കിസെദെക് ? 

Melchizedek blessing Abraham  
ആരാണ് മെൽക്കിസെദെക് എന്നതിനെ പറ്റി പലരും പല തരത്തിലാണ്‌ വിശദീകരിക്കുന്നത്, പുതിയ ഇംഗ്ലീഷ് ക്രിസ്ത്യൻ പരിഭാഷകളിൽ അബ്രഹാം മെൽക്കിസെദേക്കിനെ ആണ് അനുഗ്രഹിക്കുന്നത് എന്ന രീതിയിൽ ഉള്ള ചില വിവരണങ്ങൾ കാണാവുന്നതാണ്. എന്നാൽ ഹീബ്രു ബൈബിളിൽ അവനു നൽകപ്പെട്ടു എന്ന വാക്യത്തിലെ അവൻ അബ്രഹാമോ മെൽക്കിസെദെക്കോ എന്ന  സംശയത്തെ ബുദ്ധിപൂർവം ഉപയോഗിക്കുക വഴി അബ്രഹാം മെൽക്കിസെദെക്കിനെയാണ് അനുഗ്രഹിക്കുന്നത് എന്ന് വരുത്തുക വഴി മെൽക്കിസെദെക്കിന് ഉള്ള പ്രാധിനിത്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല. (സങ്കീർത്തനം 110 ൽ 4 ) രണ്ടാമത് ഒരിക്കൽ കൂടി ഹീബ്രു ബൈബിളിൽ  ഈ പേര് കാണാവുന്നതാണ്. മെൽക്കിസെദെക് എന്നാൽ ദൈവത്തിന്റെ എന്നെന്നേക്കുമായിട്ടുള്ള വലിയ പുരോഹിതൻ അത്  ഒരു പദവി ആണ് അത് യേശുവിനു നൽകപ്പെട്ട പേരാണ് എന്ന് ചില ക്രിസ്ത്യൻ പണ്ഡിതർ അഭിപ്രായപ്പെടാറുണ്ട്. എന്നാൽ  മെൽക്കിസെദെക് എന്നത് ഒരു പദവി അല്ല ഒരു ആൾ തന്നെയാണ് എന്ന് ഈ വാക്യത്തിലൂടെ ബൈബിളിലെ ഈ വാക്യത്തിലൂടെ വ്യക്തമാണ്. മെൽക്കിസെദെക്കിന്റെ പുനർജ്ജന്മം ആണ് യേശു എന്ന് ചിലർ വിശ്വസിക്കുന്നു. ക്രിസ്ത്യൻ പുതിയ നിയമത്തിൽ ഉൾപ്പെടുത്താത്ത ഈനോക്കിന്റെ പുസ്തകം 2 ൽ നോഹയുടെ സഹോദരനായ നിർന്റെ പുത്രനാണ് മെൽക്കിസെദെക് എന്ന് കാണാവുന്നതാണ്. നിർന്റെ  ഭാര്യയായ സോപാനിമ മരണപ്പെട്ട ശേഷം ഒരു കുട്ടി അവളുടെ വയറ്റിൽ നിന്ന് പുറത്തു വരുകയും ആ കുട്ടി പെട്ടെന്ന് തന്നെ ശാരീരികമായി വളരുകയും സംസാരിക്കാൻ ആരംഭിക്കുകയും ചെയ്തു. അവന്റെ ശരീരത്തിൽ പൗരോഹിത്യത്തിന്റെ അടയാളം ഉണ്ടായിരുന്നു. നാലപ്പത്തു ദിവസങ്ങൾക്കു ശേഷം ഗബ്രിയേൽ മാലാഖ അവനെ ഏദനിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തു. അതുകൊണ്ടു തന്നെ നോഹയുടെ പെട്ടകത്തിൽ പ്രളയത്തിൽ നിന്ന് രക്ഷപെട്ടവരിൽ മെൽക്കിസെദെക് ഉൾപ്പെട്ടിരുന്നില്ല. സോപാനിമ ഒരു കന്യക ആയിരുന്നു എന്നാണ് ഈനോക്ക് തന്റെ ഗ്രൻഥത്തിൽ പറയുന്നത്. അതായതു ദിവ്യ ഗർഭത്തിൽ ജനിച്ച ഒരു അത്ഭുത ശിശു ആയിരുന്നു മെൽക്കിസെദെക്.

  ഖുറാനിൽ മെൽക്കിസെദെക് എന്ന ഒരു കഥാപാത്രം ഒരിക്കലും കടന്നു വരുന്നതേയില്ല. തോറയും പഴയ നിയമം  ബൈബിളും അല്ലാതെ ഒരുപാടു കയ്യെഴുത്തു പ്രതികൾ പലയിടത്തു നിന്നും ലഭിച്ചിട്ടുണ്ട്. അതിലെ കഥകൾക്ക് ഇവയുമായി സാമ്യം കാണാമെങ്കിലും അവയുടെ ആധികാരികതയെ അബ്രഹാമിക് മതങ്ങൾ അംഗീകരിക്കുന്നില്ല. ഒന്നോ രണ്ടോ വാക്യങ്ങളിൽ പറഞ്ഞു പോകുന്ന ഒരു പേരിനു എന്താണ് ഇത്ര വലിയ പ്രാധാന്യം എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. അബ്രഹാമിക് മതങ്ങൾ ആധാരമായി കരുതുന്ന ഗ്രൻഥങ്ങളിൽ ഒക്കെയും അബ്രഹാമിന്റെ സഞ്ചാര പാതയിലും അതിനോട് അനുബന്ധിച്ചു വരുന്ന ദേശങ്ങളിലും ഉള്ള കാര്യങ്ങൾ മാത്രമാണ് പറയുന്നത്. ഇതേ കാലഘട്ടത്തിൽ ഇസ്രായേലിനും ഈജിപ്തിനും  പുറത്തുള്ള ദേശങ്ങളെ പറ്റിയോ അവിടെയുള്ള ജനങ്ങളെ പറ്റിയോ അവരുടെ വിശ്വാസങ്ങളെ പറ്റിയോ വിശദീകരിക്കാൻ ഈ ഗ്രൻഥങ്ങൾ പര്യാപ്തമല്ല. അതായതു അബ്രഹാം  മാത്രമാണ് ആ കാലഘട്ടത്തിലെ  ദൈവത്തിന്റെ പ്രവാചകൻ എന്നും ജൂതന്മാർ മാത്രമാണ് ദൈവം തിരഞ്ഞെടുത്ത ജനങ്ങൾ എന്നും കരുതാൻ കഴിയില്ല. അബ്രഹാം പോലും താണുവണങ്ങുന്ന മെൽക്കിസെദെക് അതെ ദൈവത്തിന്റെ ഏറ്റവും വലിയ പുരോഹിതനാവുമ്പോൾ അയാൾ ഒരു രാജ്യത്തിൻറെ രാജാവ് കൂടി ആയിരിക്കുമ്പോൾ അയാളുടെ ജനങ്ങൾ അതേ ദൈവത്തെ ആരാധിക്കുന്ന മറ്റൊരു കൂട്ടർ ആയിരിക്കില്ലേ ? എങ്കിൽ ഏതാണ് സേലം എന്ന ആ രാജ്യം ?
ഉല്പത്തിയുടെ പുസ്തകത്തെ കൂടാതെ "അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു". (സങ്കീർത്തനം 76: 2) എന്നും, "യാക്കോബ് പദ്ദൻ -അരാമിൽനിന്നു വന്നശേഷം കനാൻ ദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു. നഗരത്തിനു മുമ്പിൽ അവന്റെ കൂടാരം പാർത്തു. "സലിം പട്ടണം ആ സ്ഥലത്തിനു യോജിക്കുന്നു" .യോഹന്നാൻ 3:23 എന്നിവയിൽ  ഈ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ പേര് ഒരു സ്ഥലത്തിന്റെ പേരല്ല എന്നും ഒരേ പേരിൽ ഉള്ള വേറെ വേറെ സ്ഥലങ്ങളെ ആണെന്നും ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാകും. അബ്രാഹാം ബി.സി 2000നും 1500നും ഇടയിൽ ആണ് ജീവിച്ചിരുന്നത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആ സമയത്ത് കാനാൻ ദേശക്കാരുടെ ദൈവം എൽ ആയിരുന്നു എന്നാണ് ഉഗാരിത്ത് നഗരത്തിൽ നിന്നുള്ള എഴുത്തുകളിൽ പറയുന്നത്. എലൊഹിം (ഇൽഹിം എന്നു ഉഗാരിത്ത് എഴുത്ത്) എന്നാണു ഹീബ്രുവിൽ എലിന്റെ മക്കളെ എല്ലാവരേയും ചേർത്ത് വിളിക്കുന്നത്. ഈ പേരു തന്നെയാണു യെഹൊവയെ ഹീബ്രുവിൽ വിളിക്കുന്നത് എക ദൈവം ആയ യെഹോവയെ ദൈവങ്ങളെ എന്ന് വിളിക്കുന്നതിലെ യുക്തി ഇതാണ്. എലോൻ എന്നാണു പ്രപഞ്ച നിർമാതാവിനെ കാനാൻ വാസികൾ വിളിച്ചിരുന്നത്. എലിയോൻ ബൈറൂത്തിനെ വിവാഹം കഴിച്ചു, ബൈറൂത്ത് എന്നാൽ എന്നാൽ നഗരം എന്നർഥം. യാഹ് ജെറുസലെം നഗരത്തെ വരിച്ചു എന്നു പറയുന്നത് ഈ അർഥത്തിൽ ആണ്, ബാൽ-കാർതേജ്, മെൽക്കർത്ത്-തൈർ/സോർ, ചെമൊഷ്-മൊഅബ് എന്നിങ്ങനെ മറ്റു ദൈവങ്ങളെ ഓരോരോ നഗരങ്ങളുമായി ചേർത്ത് കാണാം. ഇപ്രകാരം പഴയ കാലത്ത് ഒരോരോ നാടിനും ഒരോരോ പതികൾ അല്ലെങ്കിൽ ദൈവങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലം മെസപൊട്ടാമിയൻ മതങ്ങളിൽ നിന്നും ഉണ്ടായതാണ്.

ജൂതമതത്തിൽ പറയുന്ന പോലെ യെഹൊവ എന്നത് അബ്രഹാമിന്റെ ദൈവം അല്ല എന്നത് വ്യക്തം ആണു, അബ്രഹാം കാനാനിൽ എത്തുന്നതിനു മുൻപ് തന്നെ യെഹൊവ എന്ന ദൈവം കാനാനിൽ ഉണ്ട് അതുകൊണ്ടാണല്ലോ മെൽകിസെഡക്ക് എന്ന ഒരു പുരോഹിതൻ ആ ദൈവത്തിനു ഉണ്ടായത്. യെഹൊവ ഇസ്രായേലിന്റെ ദൈവം ആണ്, അതായത് പഴയ കാലത്ത് ഒരു പ്രദേശത്തിനു ഒരു ദൈവം ഉണ്ടായിരുന്നു എന്നും എൽ  എന്ന ആ ദൈവത്തെ അബ്രഹാം കാനാനിലേക്ക് വരികയും സ്വന്തം  ദൈവം ആയി സ്വീകരിക്കുകയുമാണ് ചെയ്തത് എന്നു ഇതിൽ നിന്നു അനുമാനിക്കാം. എൽ പിന്നീട് എൽ ശദായി ആയും എലൊഹിം ആയും യെഹോവ ആയുമെല്ലാം മാറി.

Wednesday, 14 March 2018

യസീദിയ മതം

ഐസിസ് തീവ്രവാദികളുടെ ഉത്ഭവത്തോട് കൂടി ലോകത്തിലെ ജങ്ങൾക്ക് മുന്നിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു മതമാണ് യസീദികൾ. ഇറാഖിലും സിറിയയിലുമായി ഏറ്റവും കൂടുതൽ ക്രൂരമായി അക്രമിക്കപ്പെട്ടവരും യസീദികൾ ആയിരുന്നു. ചെകുത്താനെ അല്ലെങ്കിൽ ഇബിലീസിനെ ആരാധിക്കുന്നവർ എന്ന കാരണം പറഞ്ഞായിരുന്നു ഇവരെ പീഡിപ്പിച്ചത്. ലൈംഗിക അടിമകൾ ആയി ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന യസീദി സ്ത്രീകളും, തങ്ങളുടെ വിശ്വാസങ്ങളെ കൈവിടാൻ തയ്യാറല്ലാത്തതിനാൽ കഴുത്തറുക്കപ്പെട്ട പുരുഷന്മാരും എന്തിനെന്നറിയാതെ മരിക്കാൻ വിധിക്കപ്പെട്ട കുട്ടികളും ഉൾപ്പെടെ ലക്ഷക്കണക്കിന് യസീദികൾ മരിച്ചു വീണു. ചിലർ ജീവനും കൊണ്ടു പാലായനം ചെയ്തു.

 ലോകത്താകെ 30 മുതൽ 45 കോടി യസീദികൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗം ആളുകളും ഇറാഖിലാണ് വസിക്കുന്നത് ബാക്കിയുള്ളവർ സിറിയ, തുർക്കി, ഇറാൻ മുതലായ രാജ്യങ്ങളിലായി ചിതറി കിടക്കുന്നു.

എ ഡി 838ൽ കുർദ്ദിസ്ഥാൻ തലവനായിരുന്ന മിർ ജാഫർ ഖലീഫ അൽ മുത്താസിമിനെതിരായി വിപ്ലവം നയിക്കുകയും ഖലീഫയുടെ പട നായകൻ ഇത്താക്കിനോട് പരാജയപ്പെടുകയും ചെയ്തതോട് കൂടി ഭൂരി പക്ഷം കുർദ്ദുകളും യസീദി മതം ഉപേക്ഷിക്കാൻ നിർബന്ധിതർ ആവുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു.


പ്രപഞ്ച സൃഷ്ടി യസീദിയ മതത്തിൽ
 
ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതം ആണ് യസീദി മതം, ദൈവം തന്റെ പ്രതിഛായയിൽ ഒരു മാലാഖയെ സൃഷ്ടിച്ചു ഈ മാലാഖ തവ്സി മെലക് എന്നു അറിയപ്പെട്ടു. അസാസിൽ എന്നും ഈ മലാഖക്ക് പേരുണ്ട്. ഈനോക്കിന്റെ പുസ്തകത്തിലെ വഴിതെറ്റിയ മാലാഖമാരുടെ നെതാവാണു അസാസിൽ മാലാഖ.സർവ്വ ലോകങ്ങളും സ്വർഗ്ഗവും തവ്സിയുടെ മേൽനോട്ടത്തിൽ ആയിരിക്കും എന്നും ദൈവം അല്ലാതെ മറ്റാരെയും തവ്സി വണങ്ങേണ്ടതില്ല എന്നും തവ്സിയെ ഉണ്ടാക്കിയ വേളയിൽ ദൈവം അരുളി ചെയ്തു. ശേഷം ഗബ്രിഇൽ, മിഖാഇൽ, റാഫഇൽ, ദദ്രഇൽ, അശ്രഫിൽ, ഷാകിൽ എന്നിങ്ങനെ ആറു മാലാഖമാരെ സൃഷ്ടിക്കുകയും തവിസിയെ ഇവരുടെയും തലവനായി നിയമിക്കുകയും ചെയ്തു. ഇതിനു ശേഷം ദൈവം ഭൂമിയിൽ നിന്ന് പൊടി കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. മാലാഖമാർ കൊണ്ടു വന്ന പൊടിയിൽ നിന്നും ദൈവം ആദത്തെ മനുഷ്യനെ സൃഷ്ടിച്ചു. ആദത്തെ വണങ്ങുവാൻ ദൈവം എല്ലാ മലാഖമാരോടും കല്പിച്ചു, എന്നാൽ തവിസി ഒഴികെ മറ്റെല്ലാ മലാഖമാരും ആദത്തെ വണങ്ങി. എന്തു കൊണ്ട് നീ ആദത്തെ വണങ്ങിയില്ല എന്ന ചോദ്യത്തിന് ഞാൻ നിന്റെ പ്രതിബിംബം അല്ലോ ആദമോ വെറും മണ്ണ് മാത്രം എന്നു മറുപടി നൽകി, ഈ മറുപടിയിൽ തൃപ്തനായ ദൈവം തവിസിനെ മനുഷ്യരുടെയും നിയന്ത്രണം ഏൽപ്പിച്ചു കൊടുത്തു.


മനുഷ്യ സൃഷ്ടി

  ആദത്തിന്റെ സൃഷ്ടിക്ക് ശേഷം ദൈവം ഹവ്വയെ സൃഷ്ടിച്ചു ഇവരുടെ പ്രത്യുത്പാദന ശക്തി പരീക്ഷിക്കുന്നതിനായി തവ്സി ആദത്തിന്റെ ബീജവും ഹവ്വയുടെ അണ്ഡവും വെവ്വേറെ കുടങ്ങളിൽ നിക്ഷേപിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം കുടം തുറന്നപ്പോൾ ഹവ്വയുടെ കുടത്തിൽ നിന്നും പാറ്റകളും, പുഴുക്കളും, കീടങ്ങളും ഉണ്ടായി എന്നാൽ ആദത്തിന്റെ കുടത്തിൽ നിന്നും ഒരു ആൺ കുട്ടി പുറത്തു വന്നു ഈ കുട്ടി ഷെഹിദ് ബിൻ ജെർ അഥവാ കുംഭ പുത്രൻ എന്നറിയപ്പെട്ടു. കാലാന്തരത്തിൽ ആദത്തിനും ഹവ്വയ്ക്കും വേറെയും കുട്ടികൾ പിറക്കുകയും ഷെഹിദ് ഹൌറി എന്ന സ്ത്രീയെ കല്യാണം കഴിക്കുകയും ചെയ്തു. ഷെഹിദിന്റെയും ഹൌറിയുടെയും സന്തതി പരമ്പരയാണ് യസീദികൾ എന്നു അവർ വിശ്വസിക്കുന്നു അതുകൊണ്ടു മറ്റു പരമ്പരയിൽ പെട്ട ആളുകളെ യസീദികൾ വിവാഹം കഴിക്കാറില്ല.

മതപരമായ ചടങ്ങുകൾ

  കുട്ടികൾ ജനിക്കുമ്പോൾ അവരെ ജ്ഞാന സ്നാനം ചെയ്യിക്കുന്നത് പോലെ കുളിപ്പിക്കുന്ന  ഒരു മതപരമായ ചടങ്ങ് നടത്താറുണ്ടെങ്കിലും ഇസ്ലാമിലെ പോലെ ചേലാകർമ്മം നിർബന്ധമില്ല ഇവർക്കിടയിൽ. ദിവസവും അഞ്ചു നേരം പ്രാർത്ഥിക്കുന്ന ഇവർ പ്രഭാതത്തിൽ ഉദയ സൂര്യന് അഭിമുഖമായും സന്ധ്യാ പ്രാർത്ഥനയിൽ ലാലിഷ് എന്ന തങ്ങളുടെ ക്ഷേത്രത്തിന് അഭിമുഖം ആയും നിന്നു പ്രാർത്ഥിക്കുന്നു. കിതെവ് ചിൽവെ, മിഷെഫാ റെഫ് എന്നിങ്ങനെ അനൗദ്യോഗിക മത ഗ്രാന്ഥങ്ങൾ ഉണ്ടെങ്കിലും കൗൾ എന്നറിയപ്പെടുന്ന വാമൊഴിയായി പകർന്നു വന്ന ശ്രുതികൾ ആണ് ഇവരുടെ പ്രധാന മത എഴുത്തുകൾ.

വൈറ്റ് സ്പ്രിങ് എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ദിവസം യസീദികൾ നദികളിൽ കുളിക്കുകയും തവിസിന്റെ പ്രതിമകൾ നദിയിൽ കഴുകി എടുക്കുകയും ചെയ്യും. അന്നേ ദിവസം ഷെയ്ഖ് ആദി ഉൾപ്പെടെ ഉള്ള വിശുദ്ധന്മാരുടെ ശവ കുടീരങ്ങളിൽ വിളക്ക് കൊളുത്തി വയ്ക്കും. അന്നേ ദിവസം ഒരു കാളയെ ബലി അർപ്പിക്കുന്ന ചടങ്ങും നിലനിക്കുന്നു.

യാസീദികൾക്ക് എതിരേ നടക്കുന്ന അക്രമങ്ങൾ

  ഇസ്ലാം വിശ്വാസം പ്രകാരം ആദത്തെ വണങ്ങാൻ കൂട്ടാക്കാതെയിരുന്ന മാലാഖയെ ഇബ്‌ലിസ് അല്ലെങ്കിൽ ശൈത്താൻ എന്നു വിളിക്കുന്നു, ക്രിസ്ത്യാനികൾക്കിടയിൽ ഇങ്ങനെ ഒരു കഥയില്ല. തങ്ങളുടെ വിശ്വാസ പ്രകാരം തവ്സി മലക്ക് ദൈവത്തിന്റെ കല്പന അനുസരിക്കുക മാത്രമാണ് ചെയ്തത് എന്നാൽ ഈ കഥയിലെ തവ്സി മലക് തന്നെയാണ് ഇബിലിസ് എന്ന മുസ്ലിം പ്രചാരണത്തോട് കൂടി യസീദികൾ ചെകുത്താനെ ആരാധിക്കുന്നവർ ആണെന്ന് മുസ്ലിമുകൾക്ക് ഇടത്തിൽ പ്രചരിക്കുകയും കാലാകാലങ്ങളിൽ യാസീദികൾക്ക് എതിരെ ഒരുപാട് ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഐസിസ് പോലെയുള്ള മുസ്ലിം തീവ്രവാദികൾ യെസീദി സ്ത്രീകളെ ലൈംഗിക അടിമൾ ആക്കി മനുഷ്യത്തിനു നിരക്കാത്ത കാര്യങ്ങൾ ആണു ചെയ്ത് കൂട്ടിയത്. യെസീദികളിൽ ചിലർ മുഹമ്മദ് വെറും ഒരു പ്രവാചകൻ മാത്രമാണെന്നും യേശു മഹ്ദി ആണെന്നും വിശ്വസിക്കുന്നു.

ഉത്ഭവം

 ഈ മതം എന്നു രൂപം കൊണ്ടു എന്നോ ഇത് ആരുടെ സൃഷ്ടി ആണെന്നോ പറയുക പ്രയാസകരമായ കാര്യമാണ്. എന്നാൽ ജൂത കൃസ്ത്യൻ മതങ്ങൾക്കും മുൻപുള്ള പല കാര്യങ്ങളും ഈ മതത്തിൽ കാണാവുന്നതാണ്, കൂടാതെ ഈ  മതങ്ങളുടെ വിശ്വാസവുമായി യസീദി മതത്തിനു നല്ല സാമ്യവും കാണാവുന്നതാണ്. പണ്ടെങ്ങോ നഷ്ടപ്പെട്ട ഏതോ മതത്തിന്റെ അവശേഷിപ്പാകാം ഈ മതം.

ഹിന്ദു മതവുമായി കാണുന്ന സാമ്യം

  യസീദികളുടെ ആചാരങ്ങൾക്ക് ഹിന്ദു മതവുമായി വലിയ സാമ്യം കാണാവുന്നതാണ്.


മലക്ക് തവിസിയെ യസീദിയ മതം പ്രതിനിധീകരിക്കുന്നത് മയിൽ വാഹനമായിട്ടുള്ള ഒരു മലാഖയായിട്ടാണ്, അറേബ്യൻ പെനിസുലയിലുള്ള ഒരു രാജ്യത്തും തദ്ദേശീയമായി മയിലിനെ കാണാൻ സാധിക്കുകയില്ല. എന്നാൽ ഇന്ത്യയിൽ നിന്നും മെസപൊട്ടോമിയായിലേക്ക് ആന കൊമ്പ്, കോട്ടൻ തുണികൾ, ചന്ദനം, മയിൽ, എന്നിവയെ കയറ്റി അയച്ചിരുന്നു, പുരാതന കാലത്ത് അറബി രാജ്യങ്ങളിൽ ഉള്ളവർ മയിലിനെപ്പറ്റി അറിയണം എങ്കിൽ അത് ഇന്ത്യയിൽ നിന്നുമാക്കണം.

യസീദികളുടെ മലക് തവിസിയും ഹിന്ദു മതത്തിൽ സുബ്രഹ്മണ്യനും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നത് സ്വാഭാവികം.

യസീദികളുടെ ഉത്സവം ആയ പരേഡ് ഓഫ് സംജക്‌സ്‌ എന്ന ചടങ്ങിൽ യസീദികൾ മലക്ക് തവിസി തങ്ങൾക്ക് നൽകിയ 7 വിളക്കുകളിൽ ചുംബിക്കുന്ന ചടങ്ങുണ്ട് സംജാക്‌ എന്നാൽ മയിൽ എന്നാണ് അർത്ഥം. 1892 തുർക്കി മുസ്ലിങ്ങൾ ഈ വിളക്കുകളിൽ അഞ്ചു എണ്ണം എടുത്തു കൊണ്ട് പോവുകയുണ്ടായി. ബാക്കിയുള്ള രണ്ടു വിളക്കുകൾ ഇന്നും പുണ്യവസ്തുവായി ഇവർ സൂക്ഷിക്കുന്നു. ഈ വിളക്കുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന വിളക്കുകൾക് സമാനമാണ്.
യസീദികൾ ഹിന്ദുക്കളെ പോലെ തന്നെ തങ്ങളുടെ ക്ഷേത്രങ്ങളിൽ കൈ കൂപ്പി നിന്ന് പ്രാർത്ഥിക്കുകയും നെറ്റിയിൽ കുങ്കുമം വെയ്ക്കുകയും ചെയ്യുന്നു.


ലിലിഷ് ക്ഷേത്രത്തിന്റെ ഭിത്തിയിൽ ഉള്ള ഒരു ചിത്രം വളരെ അത്ഭുതം ഉണ്ടാക്കുന്നതാണ്. സാരിയുടുത്ത് മുല്ലപ്പൂ ചൂടി നിലവിളക്കിനു മുന്നിൽ ഇരിക്കുന്ന ഒരു സ്ത്രീരൂപം. തങ്ങളുടെ ഒരു മാലാഖയാണ് ഈ രൂപം എന്നു യസീദികൾ പറയുന്നു. ഇത് ഒരു സൌത്ത് ഇന്ത്യൻ സ്ത്രീയാണെന്നു ഒറ്റ നോട്ടത്തിൽ എല്ലാവർക്കും മനസ്സിലാകുമെങ്കിലും ഇത് എങ്ങനെ ഇവിടെ വന്നു എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം നൽകാൻ പര്യാപ്തരല്ല.


യസീദിയ മതം ജൂത മത്തിനെക്കാളുമോ അതിനോടൊപ്പമോ പഴക്കം അവകാശപ്പെടുന്ന ഒരു മതമാണ്. ഇറാൻ മുതൽ ഇന്ത്യാ ഭൂഖണ്ഡം വരെ നീണ്ടു കിടന്ന പുരാതന സംസ്കാരത്തിന്റെ നഷ്ടപ്പെട്ടു പോയ ഏതോ ഒരു കണ്ണി, ചുറ്റുമുള്ള വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു. ഇനിയുമെത്ര കാലം ഈ സംസ്കാരം നിലനിൽക്കും എന്നു അറിയില്ല കാരണം ജൂതന്മാർക്ക് ശേഷം ഇത്രയധികം ക്രൂരതകൾ ഏറ്റു വാങ്ങിയ, ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ഒരു മത വിഭാഗം ജനങ്ങൾ ഈ ഭൂമിയിൽ വേറെയില്ല. ഇവരുടെ പൗരണികതയുടെ അടയാളങ്ങൾ എല്ലാം തന്നെ നശിച്ചിരുന്നു.
മതം ഭ്രാന്തായി മാറിയ മനുഷ്യർക്ക് മുന്നിൽ ഇനിയെത്ര നാൾ പിടിച്ചു നിൽക്കാനാകും.

പാഗൻ വിശ്വാസങ്ങൾ, സരതുഷ്ട്ര മതം എന്നിങ്ങനെ മറഞ്ഞു പോയ പട്ടികയിലേക്ക് അടുക്കുന്ന ഈ ആളുകൾ ആരാണെന്നു അറിയാൻ കൂടുതൽ പഠനങ്ങൾ നടക്കട്ടെ.