Tuesday, 27 March 2018

മെൽകിസെദെക്



  പഴയ നിയമം ബൈബിൾ വായിക്കുമ്പോൾ ആണ് ഈ പേര് ആദ്യമായി കടന്നു വരുന്നത്. തൻറെ  അർദ്ധ സഹോദരനായ ലോത്തിനെയും അവയുടെ സമ്പത്തിനെയും യുദ്ധാനന്തരം തട്ടിക്കൊണ്ടു പോയതായി അറിഞ്ഞ അബ്രഹാം തന്റെ ആളുകളുമായി ചെന്ന് യുദ്ധം ചെയ്യുകയും ലോത്തിനേയും അയാളുടെ സമ്പത്തിനെയും വീണ്ടെടുക്കുകയും തിരിച്ചു വരുന്ന വഴിയിൽ സേലം  രാജാവായിരുന്ന മെൽക്കിസെദെക് അബ്രഹാമിനും ആളുകൾക്കും തിന്നാനുള്ള അപ്പവും വീഞ്ഞുമായി അവിടെ എത്തിച്ചേരുകയും എബ്രഹാം അദ്ദേഹത്തെ താഴ്ന്നു വണങ്ങുകയും തന്റെ സമ്പത്തിന്റെ പത്തിൽ ഒരു ഭാഗം അദ്ദേഹത്തിന് നൽകുകയും ചെയ്തു. (ഉല്പത്തി 14:18 )മെൽക്കിസെദെക്കിനെ പറ്റി പറയുന്നത് അദ്ദേഹം സേലം എന്ന ദേശത്തിലെ രാജാവും ദൈവത്തിന്റെ ഏറ്റവും ഉയർന്ന പുരോഹിതനും ആയിരുന്നുവെന്നാണ്.

അബ്രഹാം ഉർ എന്ന നഗരത്തിൽ നിന്നും തൻറെ പിതാവായ തേരഹിനെയും മറ്റും ഉപേക്ഷിച്ചു പോകാൻ ദൈവം പറയാനുള്ള കാരണം അവിടെയുള്ളവർ ബഹു ദൈവ വിശ്വാസികളും വിഗ്രഹാരാധകരും ആയതിനാൽ ദൈവത്തിന്റെ വെറുപ്പിന് പാത്രം  ആയി മാറുകയും അബ്രഹാമിലൂടെ തന്നെ മാത്രം ആരാധിക്കുന്ന ഒരു ജനതയെ നിർമിച്ചെടുക്കുന്നതിനും അവർക്ക് കാണാൻ ദേശം നല്കുന്നതിനുമായാണ് അബ്രഹാമിനോട് യാത്ര ആരംഭിക്കാൻ ദൈവം കൽപ്പിക്കുന്നത്. എന്നാൽ എബ്രഹാം മാത്രമല്ല ഏക ദൈവ വിശ്വാസി ആയി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് എന്നതിന് തെളിവ് ആണ് മെൽക്കിസെദെക്.ഏത് ദൈവവമാണോ അബ്രഹാമിനെ തിരഞ്ഞെടുത്തത് അതേ ദൈവത്തിന്റെ (എൽ എല്യോം) ഏറ്റവും വലിയ പുരോഹിതൻ ആയിരുന്നു മെൽക്കിസെദെക് അതുകൊണ്ടാണ് അബ്രഹാമിന് അദ്ദേഹത്തെ വണങ്ങേണ്ടി വന്നത്, അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങേണ്ടി വന്നത്.



ആരായിരുന്നിരിക്കാം ഈ മെൽക്കിസെദെക് ? 

Melchizedek blessing Abraham  
ആരാണ് മെൽക്കിസെദെക് എന്നതിനെ പറ്റി പലരും പല തരത്തിലാണ്‌ വിശദീകരിക്കുന്നത്, പുതിയ ഇംഗ്ലീഷ് ക്രിസ്ത്യൻ പരിഭാഷകളിൽ അബ്രഹാം മെൽക്കിസെദേക്കിനെ ആണ് അനുഗ്രഹിക്കുന്നത് എന്ന രീതിയിൽ ഉള്ള ചില വിവരണങ്ങൾ കാണാവുന്നതാണ്. എന്നാൽ ഹീബ്രു ബൈബിളിൽ അവനു നൽകപ്പെട്ടു എന്ന വാക്യത്തിലെ അവൻ അബ്രഹാമോ മെൽക്കിസെദെക്കോ എന്ന  സംശയത്തെ ബുദ്ധിപൂർവം ഉപയോഗിക്കുക വഴി അബ്രഹാം മെൽക്കിസെദെക്കിനെയാണ് അനുഗ്രഹിക്കുന്നത് എന്ന് വരുത്തുക വഴി മെൽക്കിസെദെക്കിന് ഉള്ള പ്രാധിനിത്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല. (സങ്കീർത്തനം 110 ൽ 4 ) രണ്ടാമത് ഒരിക്കൽ കൂടി ഹീബ്രു ബൈബിളിൽ  ഈ പേര് കാണാവുന്നതാണ്. മെൽക്കിസെദെക് എന്നാൽ ദൈവത്തിന്റെ എന്നെന്നേക്കുമായിട്ടുള്ള വലിയ പുരോഹിതൻ അത്  ഒരു പദവി ആണ് അത് യേശുവിനു നൽകപ്പെട്ട പേരാണ് എന്ന് ചില ക്രിസ്ത്യൻ പണ്ഡിതർ അഭിപ്രായപ്പെടാറുണ്ട്. എന്നാൽ  മെൽക്കിസെദെക് എന്നത് ഒരു പദവി അല്ല ഒരു ആൾ തന്നെയാണ് എന്ന് ഈ വാക്യത്തിലൂടെ ബൈബിളിലെ ഈ വാക്യത്തിലൂടെ വ്യക്തമാണ്. മെൽക്കിസെദെക്കിന്റെ പുനർജ്ജന്മം ആണ് യേശു എന്ന് ചിലർ വിശ്വസിക്കുന്നു. ക്രിസ്ത്യൻ പുതിയ നിയമത്തിൽ ഉൾപ്പെടുത്താത്ത ഈനോക്കിന്റെ പുസ്തകം 2 ൽ നോഹയുടെ സഹോദരനായ നിർന്റെ പുത്രനാണ് മെൽക്കിസെദെക് എന്ന് കാണാവുന്നതാണ്. നിർന്റെ  ഭാര്യയായ സോപാനിമ മരണപ്പെട്ട ശേഷം ഒരു കുട്ടി അവളുടെ വയറ്റിൽ നിന്ന് പുറത്തു വരുകയും ആ കുട്ടി പെട്ടെന്ന് തന്നെ ശാരീരികമായി വളരുകയും സംസാരിക്കാൻ ആരംഭിക്കുകയും ചെയ്തു. അവന്റെ ശരീരത്തിൽ പൗരോഹിത്യത്തിന്റെ അടയാളം ഉണ്ടായിരുന്നു. നാലപ്പത്തു ദിവസങ്ങൾക്കു ശേഷം ഗബ്രിയേൽ മാലാഖ അവനെ ഏദനിലേക്ക് കൂട്ടി കൊണ്ട് പോവുകയും ചെയ്തു. അതുകൊണ്ടു തന്നെ നോഹയുടെ പെട്ടകത്തിൽ പ്രളയത്തിൽ നിന്ന് രക്ഷപെട്ടവരിൽ മെൽക്കിസെദെക് ഉൾപ്പെട്ടിരുന്നില്ല. സോപാനിമ ഒരു കന്യക ആയിരുന്നു എന്നാണ് ഈനോക്ക് തന്റെ ഗ്രൻഥത്തിൽ പറയുന്നത്. അതായതു ദിവ്യ ഗർഭത്തിൽ ജനിച്ച ഒരു അത്ഭുത ശിശു ആയിരുന്നു മെൽക്കിസെദെക്.

  ഖുറാനിൽ മെൽക്കിസെദെക് എന്ന ഒരു കഥാപാത്രം ഒരിക്കലും കടന്നു വരുന്നതേയില്ല. തോറയും പഴയ നിയമം  ബൈബിളും അല്ലാതെ ഒരുപാടു കയ്യെഴുത്തു പ്രതികൾ പലയിടത്തു നിന്നും ലഭിച്ചിട്ടുണ്ട്. അതിലെ കഥകൾക്ക് ഇവയുമായി സാമ്യം കാണാമെങ്കിലും അവയുടെ ആധികാരികതയെ അബ്രഹാമിക് മതങ്ങൾ അംഗീകരിക്കുന്നില്ല. ഒന്നോ രണ്ടോ വാക്യങ്ങളിൽ പറഞ്ഞു പോകുന്ന ഒരു പേരിനു എന്താണ് ഇത്ര വലിയ പ്രാധാന്യം എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് ഇതാണ്. അബ്രഹാമിക് മതങ്ങൾ ആധാരമായി കരുതുന്ന ഗ്രൻഥങ്ങളിൽ ഒക്കെയും അബ്രഹാമിന്റെ സഞ്ചാര പാതയിലും അതിനോട് അനുബന്ധിച്ചു വരുന്ന ദേശങ്ങളിലും ഉള്ള കാര്യങ്ങൾ മാത്രമാണ് പറയുന്നത്. ഇതേ കാലഘട്ടത്തിൽ ഇസ്രായേലിനും ഈജിപ്തിനും  പുറത്തുള്ള ദേശങ്ങളെ പറ്റിയോ അവിടെയുള്ള ജനങ്ങളെ പറ്റിയോ അവരുടെ വിശ്വാസങ്ങളെ പറ്റിയോ വിശദീകരിക്കാൻ ഈ ഗ്രൻഥങ്ങൾ പര്യാപ്തമല്ല. അതായതു അബ്രഹാം  മാത്രമാണ് ആ കാലഘട്ടത്തിലെ  ദൈവത്തിന്റെ പ്രവാചകൻ എന്നും ജൂതന്മാർ മാത്രമാണ് ദൈവം തിരഞ്ഞെടുത്ത ജനങ്ങൾ എന്നും കരുതാൻ കഴിയില്ല. അബ്രഹാം പോലും താണുവണങ്ങുന്ന മെൽക്കിസെദെക് അതെ ദൈവത്തിന്റെ ഏറ്റവും വലിയ പുരോഹിതനാവുമ്പോൾ അയാൾ ഒരു രാജ്യത്തിൻറെ രാജാവ് കൂടി ആയിരിക്കുമ്പോൾ അയാളുടെ ജനങ്ങൾ അതേ ദൈവത്തെ ആരാധിക്കുന്ന മറ്റൊരു കൂട്ടർ ആയിരിക്കില്ലേ ? എങ്കിൽ ഏതാണ് സേലം എന്ന ആ രാജ്യം ?
ഉല്പത്തിയുടെ പുസ്തകത്തെ കൂടാതെ "അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു". (സങ്കീർത്തനം 76: 2) എന്നും, "യാക്കോബ് പദ്ദൻ -അരാമിൽനിന്നു വന്നശേഷം കനാൻ ദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു. നഗരത്തിനു മുമ്പിൽ അവന്റെ കൂടാരം പാർത്തു. "സലിം പട്ടണം ആ സ്ഥലത്തിനു യോജിക്കുന്നു" .യോഹന്നാൻ 3:23 എന്നിവയിൽ  ഈ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ ഈ പേര് ഒരു സ്ഥലത്തിന്റെ പേരല്ല എന്നും ഒരേ പേരിൽ ഉള്ള വേറെ വേറെ സ്ഥലങ്ങളെ ആണെന്നും ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാകും. അബ്രാഹാം ബി.സി 2000നും 1500നും ഇടയിൽ ആണ് ജീവിച്ചിരുന്നത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആ സമയത്ത് കാനാൻ ദേശക്കാരുടെ ദൈവം എൽ ആയിരുന്നു എന്നാണ് ഉഗാരിത്ത് നഗരത്തിൽ നിന്നുള്ള എഴുത്തുകളിൽ പറയുന്നത്. എലൊഹിം (ഇൽഹിം എന്നു ഉഗാരിത്ത് എഴുത്ത്) എന്നാണു ഹീബ്രുവിൽ എലിന്റെ മക്കളെ എല്ലാവരേയും ചേർത്ത് വിളിക്കുന്നത്. ഈ പേരു തന്നെയാണു യെഹൊവയെ ഹീബ്രുവിൽ വിളിക്കുന്നത് എക ദൈവം ആയ യെഹോവയെ ദൈവങ്ങളെ എന്ന് വിളിക്കുന്നതിലെ യുക്തി ഇതാണ്. എലോൻ എന്നാണു പ്രപഞ്ച നിർമാതാവിനെ കാനാൻ വാസികൾ വിളിച്ചിരുന്നത്. എലിയോൻ ബൈറൂത്തിനെ വിവാഹം കഴിച്ചു, ബൈറൂത്ത് എന്നാൽ എന്നാൽ നഗരം എന്നർഥം. യാഹ് ജെറുസലെം നഗരത്തെ വരിച്ചു എന്നു പറയുന്നത് ഈ അർഥത്തിൽ ആണ്, ബാൽ-കാർതേജ്, മെൽക്കർത്ത്-തൈർ/സോർ, ചെമൊഷ്-മൊഅബ് എന്നിങ്ങനെ മറ്റു ദൈവങ്ങളെ ഓരോരോ നഗരങ്ങളുമായി ചേർത്ത് കാണാം. ഇപ്രകാരം പഴയ കാലത്ത് ഒരോരോ നാടിനും ഒരോരോ പതികൾ അല്ലെങ്കിൽ ദൈവങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലം മെസപൊട്ടാമിയൻ മതങ്ങളിൽ നിന്നും ഉണ്ടായതാണ്.

ജൂതമതത്തിൽ പറയുന്ന പോലെ യെഹൊവ എന്നത് അബ്രഹാമിന്റെ ദൈവം അല്ല എന്നത് വ്യക്തം ആണു, അബ്രഹാം കാനാനിൽ എത്തുന്നതിനു മുൻപ് തന്നെ യെഹൊവ എന്ന ദൈവം കാനാനിൽ ഉണ്ട് അതുകൊണ്ടാണല്ലോ മെൽകിസെഡക്ക് എന്ന ഒരു പുരോഹിതൻ ആ ദൈവത്തിനു ഉണ്ടായത്. യെഹൊവ ഇസ്രായേലിന്റെ ദൈവം ആണ്, അതായത് പഴയ കാലത്ത് ഒരു പ്രദേശത്തിനു ഒരു ദൈവം ഉണ്ടായിരുന്നു എന്നും എൽ  എന്ന ആ ദൈവത്തെ അബ്രഹാം കാനാനിലേക്ക് വരികയും സ്വന്തം  ദൈവം ആയി സ്വീകരിക്കുകയുമാണ് ചെയ്തത് എന്നു ഇതിൽ നിന്നു അനുമാനിക്കാം. എൽ പിന്നീട് എൽ ശദായി ആയും എലൊഹിം ആയും യെഹോവ ആയുമെല്ലാം മാറി.

No comments:

Post a Comment