Saturday, 24 September 2016

ജൈന മതം


ജൈന മതം
     ഇക്ഷാകു വംശത്തിൽ അഥവാ സൂര്യ വംശത്തിൽ പിറന്ന ഋഷഭ നാഥനാണ് ജൈന മത സ്ഥാപകൻ. ഹിന്ദു പുരാണങ്ങളിൽ ഭരതൻ, ഹരിശ്ചന്ദ്രൻ, ശ്രീരാമൻ ഉൾപ്പെടെയുള്ള മഹാന്മാരായ പലരും ജനിച്ച വംശമാണ് സൂര്യവംശം. ജൈന മതത്തിലെ 24 തീർത്ഥങ്കരന്മാരിൽ 22 പേരും ഈ വംശത്തിൽ നിന്നുള്ളവരാണ്. സരയൂ നദീ തീരത്തുള്ള അയോദ്ധ്യ ആയിരുന്നു ഇവരുടെ തലസ്ഥാന നഗരി.

     ജൈന മത വിശ്വാസം അനുസരിച്ച് മനുഷ്യൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടത്തി തരുന്ന കല്പക വൃക്ഷങ്ങൾ ഉള്ള ഒരു കാലത്തിൽ നിന്നും പതിയെ അവ ഇല്ലാതാവുകയും ജനങ്ങൾക്ക് കഷ്ട നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു തുടങ്ങുന്ന ഒരു കാലത്തിലാണ് ഋഷഭ നാഥൻ രാജ്യം ഭരിച്ചിരുന്നത്. തങ്ങൾക്ക് വന്ന കഷ്ടങ്ങളെക്കുറിച്ച്‌ ജനങ്ങൾ രാജാവിനെ അറിയിക്കുകയും, അദ്ദേഹം കൃഷി, കരകൗശല നിർമ്മാണം, വ്യവസായം, വ്യാപാരം, വിദ്യ എന്നിവയിലൂടെ ധനം സമ്പാദിക്കാനുള്ള മാർഗ്ഗങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുകയും വെറും ഗോത്രമായി നില നിന്ന ആളുകളെ ഒരു രാജ്യമായി വളർത്തുകയും ചെയ്തു. അദ്ദേഹം തന്റെ പുത്രിമാരായ ബ്രാഹ്മി സുന്ദരി എന്നിവർക്ക് ബ്രാഹ്മി ലിപിയും, അംഗ സമ്പ്രതായവും പഠിപ്പിച്ചു കൊടുക്കുന്നതായി പറയുന്നുണ്ട്.
കല്പക വൃക്ഷങ്ങൾ നഷ്ടമാവുക എന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ ശോഷണമോ, പ്രകൃതി ദുരന്തങ്ങളോ, പ്രതികൂല സാഹചര്യങ്ങളോ ആവാം അർത്ഥമാക്കുന്നത്. ബ്രാഹ്മണ്യ മതത്തിൽ ദേവരാധനയും യജ്ഞവും ആയിരുന്നു മുഖ്യം എങ്കിൽ അഹിംസയിലും വർണാശ്രമ  വിരുദ്ധവുമായ ആശയങ്ങളിൽ കെട്ടിപ്പടുത്ത ഒരു പുതിയ വിശ്വാസ രീതി ഋഷഭ നാഥൻ ആവിഷ്കരിച്ചു.
     മനുഷ്യ ജീവിതം സംസാര ദുഃഖങ്ങളിൽ ഉഴലുന്നതിനു കാരണം കർമ്മ ഫലം ആണെന്നും, അഹിംസ, സത്യം, ബ്രഹ്മചര്യം മുതലായ ജീവിത നിഷ്ഠകളിലൂടെ സംസാര ചക്രത്തിൽ നിന്നുള്ള ശാശ്വതമായ മോചനമാണ് ഓരോ മനുഷ്യ ജന്മത്തിന്റെയും ലക്‌ഷ്യം എന്ന് ജൈനർ വിശ്വസിക്കുന്നു.

     അഖണ്ഡവാദം: മറ്റു വിശ്വാസങ്ങളോട് പുലർത്തേണ്ട സഹിഷ്ണുത, തുറന്ന മനസ്സോടും ക്ഷമയോടും കൂടി മറ്റു വിശ്വാസങ്ങളെ ഹനിക്കാത്ത രീതിയിൽ ഉള്ള ജീവിത ശൈലിയെയാണ് അഖണ്ഡ വാദം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജൈന മതം നിലവിൽ വരുമ്പോൾ മറ്റു വിശ്വാസ രീതികളോ മതങ്ങളോ നിലവിൽ ഉണ്ടായിരുന്നു എന്നത് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഹിന്ദു വിശ്വാസം അനുസരിച്ചു ഋഷഭ നാഥൻ വിഷ്ണുവിന്റെ അവതാരമായാണ് കണക്കാക്കുന്നത്, ഭാഗവത പുരാണം, മാർക്കണ്ഡേയ പുരാണം, സ്കന്ദ പുരാണം എന്നിവയിൽ ഋഷഭ നാഥനെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്.
ഋഗ്വേദത്തിൽ "ഓ രുദ്രനെ പോലെ ദിവ്യത്വം ഉള്ള ഞങ്ങളാകുന്ന മനുഷ്യർക്കിടയിൽ ജനിച്ചവനെ, ദേവത്വമുള്ളവനെ, ഋഷഭ ദേവ മനുഷ്യ കുലത്തിന്റെ ആദ്യത്തെ ഗുരുവായിട്ടുള്ളവനെ, അവന് തന്റെ ശത്രുക്കളെ നശിപ്പിക്കുവാനുള്ള ശക്തി കിട്ടുമാറാക്കട്ടെ" ഇങ്ങനെ ഒരു ശ്ലോകം (10:12:166) കാണാനാവുന്നതാണ്.
മഹാന്മാരും യുദ്ധ വീരന്മാരും ആയിട്ടുള്ള എല്ലാവരെയും അവതാര പുരുഷന്മാരായി കാണുന്നത് ഒരു ഹിന്ദു മത വിശ്വാസമാണ്. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഋഷഭ ദേവൻ ജൈന മത സ്ഥാപകൻ ആണെങ്കിൽ എന്ത് കൊണ്ടാവാം പുതിയ ഒരു വിശ്വാസ രീതിക്ക് രൂപം കൊടുത്തത്. യുദ്ധങ്ങളിലൂടെ രാജ്യ വിസ്തൃതി കൂട്ടാൻ വെമ്പൽ കൊള്ളുന്ന നാട്ടു രാജ്യങ്ങൾ നിലനിന്നിരുന്ന സമയത്തു ഒരു യോദ്ധാവ് എന്തിനു അഹിംസയിലും ജാതിയില്ലായ്മയിലും ഊന്നിയ മതം ഉണ്ടാക്കണം? അന്ന് നിലനിന്നിരുന്ന വിശ്വാസങ്ങളെ തള്ളി കളഞ്ഞു നിരീശ്വര വാദത്തിൽ ഊന്നിയ ഒരു മതം എന്തിന് സൃഷ്ടിക്കണം. ജൈന വിശ്വാസം അനുസരിച്ചു ഈ യുഗത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ ആണ് ഋഷഭ നാഥൻ, അതായത് പല യുഗങ്ങൾ ആയി ഈ വിശ്വാധാര ഇവിടെ നിലനിക്കുന്നതാണെന്നും ഹിന്ദു മതത്തിന്റെ(ബ്രാഹ്മണ മതം) ഒരു ഉപശാഖ അല്ല ജൈന മതം എന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നു. പുരാണങ്ങളിൽ പ്രതിപാദിക്കുക വഴി ഋഷഭ നാഥൻ ഒരു അവതരമാണെന്നു വരുത്തി തീർത്തു ജൈന മതത്തെ ഹിന്ദു മതത്തിനുള്ളിലൊതുക്കാൻ ഹിന്ദു മതവും ശ്രമിച്ചിരുന്നു.

 ഇവിടെ ഏത് മതമാണ് പുരാതനം എന്ന് ചോദിക്കുന്നത് അർത്ഥ രഹിതമാണ്‌, രണ്ടു മതവും വികാസത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന വേളയിൽ ദൈവം ആരാധന എന്നതിൽ കവിഞ്ഞു മനുഷ്യൻ, മരണം, ആത്മാവ്, പുനർജ്ജന്മം, കർമ്മം, മോക്ഷംഎന്നീ തത്വ ചിന്തയിൽ അധിഷിതമായി വളരെ മാറ്റത്തിന് വിധേയമായ മതമാണ് ജൈന മതം. ജൈനൻ എന്ന വാക്കിനു തന്നെ ജയിച്ചവൻ എന്നതാണ് അർഥം. യാഥാസ്ഥിതികരിൽ നിന്നും വ്യത്യസ്തമായി വന്ന ചിന്ത ഒരു കാലത്തു ഇന്ത്യ മുഴുവൻ പടർന്നു പന്തലിക്കുക്കുകയും ചെയ്തിരുന്നു. ഋഷഭ നാഥന്റെ പുത്രൻ ഭരതൻ തന്റെ സഹോദരനായ ബാഹുബലിയോടൊപ്പം ചേർന്ന് തന്റെ സാമ്രാജ്യം വലുതാക്കുകയും അദ്ദേഹത്തിന്റെ സാമ്രാജ്യം ഭാരതം എന്ന് അറിയപ്പെടും ചെയ്തു. ബിംബിസാരൻ, അജാത ശത്രു മുതലായ രാജാക്കന്മാർ ജൈന മതത്തിനു വലിയ പിന്തുണ നൽകിയിരുന്നു.

   മഹാവീരന്റെ വരാവോട് കൂടി ജൈന മതം അതിന്റെ പാരമ്യത്തിൽ എത്തി. അദ്ദേഹത്തെ പറ്റി പരാമർശിക്കുന്ന ഒരു കഥയിൽ മഹാവീരൻ തന്റെ വനവാസ കാലത്തു സോമാലാചാര്യൻ എന്ന ഒരു ബ്രാഹ്മണൻ ആടുകളെ അറുത്ത് യജ്‌ഞം
നടത്തുന്നയിടത്ത് എത്തുകയും ഹിംസ പാപം ആണെന്ന് അവരെ ധരിപ്പിക്കുകയും ചെയ്തു.
മഹാവീരന്റെ ആശയങ്ങളിൽ ആകൃഷ്ടരായി അവരാണ് ആദ്യത്തെ ജൈന സംഘമായി മാറിയത്. ഈ കഥയിൽ നിന്നും മനസ്സിലാകുന്നത് ബ്രാഹ്മണ ധർമ്മം ആ കാലത്ത് മൃഗ ബലി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നു എന്നാണ്. സമൂഹത്തിൽ ഒരു മതം ദുഷിക്കുമ്പോൾ ആണ് മറ്റൊരു മതം ജനിക്കുന്നത്. ബ്രാഹ്മണ ധർമ്മം അതിന്റെ എല്ലാ ദുഷ്ട വശങ്ങളോടും കൂടി നിലനിൽക്കുന്ന സമയത്തു അഹിംസയിൽ ഊന്നിയ ജൈന മതം അതിന്റെ പാരമ്യത്തിൽ എത്തുകയും ബ്രാഹ്മണ മതം അതിന്റെ നാശത്തിന്റെ വക്കിൽ എത്തുകയും ചെയ്തു.
     ചന്ദ്രഗുപ്ത മൗര്യൻ തന്റെ അവസാന കാലത്ത് ജൈന മതം സ്വീകരിക്കുകയും കർണാടകയിലെ ശ്രാവണ ബെലഗൊളയിൽ തന്റെ അന്ത്യകാലം ചിലവഴിക്കുകയും ചെയ്തു,ആ കാല ഘട്ടത്തിലും അതിനു ശേഷവും ധാരാളം ജൈന സന്യാസിമാർ കേരളത്തിൽ എത്തുകയും പലയിടങ്ങളിൽ ക്ഷേത്രങ്ങളും മറ്റും നിർമിക്കുകയും ചെയ്തു. ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ഒരു ജൈന വിശ്വാസി ആയിരുന്നു. ഒരു കാലത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൈന മതത്തിനു വലിയ സ്വാധീനം ഉണ്ടായിരുന്നു. ശങ്കരാചാര്യരുടെ നേതൃത്വത്തിൽ ബ്രാഹ്മണ ധർമം സനാതന ധർമ്മം എന്ന നിലയിൽ പുനർ നവീകരിക്കുകയും ജൈന, ബുദ്ധ ആശയങ്ങൾ കൂടി ഉൾക്കൊണ്ടു കൊണ്ട് തത്വ ചിന്തയിൽ അധിഷ്ഠിതമായ മാറ്റങ്ങൾ വരുത്തുകയും തന്റെ വാദത്തിലൂടെ ജൈന ബുദ്ധ ധർമ്മത്തെ എതിർത്ത് തോല്പിക്കുകയുംചെയ്തു കാലാന്തരത്തിൽ ഇത് വീണ്ടും ബ്രാഹ്മണ്യത്തിന്നും ജാതി വ്യവസ്ഥിതിക്കും വഴി വെക്കുകയും ചെയ്തു.

ശ്രാവണ ബെലഗൊള 

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete